കനത്ത മഴ; കക്കയം ഡാമിൽ ബ്ലൂ അലർട്ട്, സംസ്ഥാനത്തെ വിവിധ ഡാമുകളിലെ ജലനിരപ്പ് ഉയർന്നു

കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനിടെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കക്കയം ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ ഡാമിലെ ജലനിരപ്പ് 755.50 മീറ്ററിലെത്തിയതായി അധികൃതർ അറിയിച്ചു. മഴ ശക്തമായി തുടരുകയും ജലനിരപ്പ് വീണ്ടും ഉയരുകയും ചെയ്താൽ ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടായേക്കും.

ഇതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ഇന്ന് വൈകിട്ട് 4.20ന് കരിയാത്തുംപാറയിൽ സ്ഥാപിച്ചിട്ടുള്ള സൈറൺ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭിച്ച കനത്ത മഴ ഡാമുകളിലെ ജലനിരപ്പ് ഗണ്യമായി ഉയർത്തിയിട്ടുണ്ട്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കല്ലാർ, ഇരട്ടയാർ ഡാമുകൾ നിറഞ്ഞതിനെ തുടർന്ന് കല്ലാർകുട്ടി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു.

അതേസമയം, അപകടനില പിന്നിട്ട സാഹചര്യത്തിൽ കെഎസ്ഇബിയുടെ ലോവർ പെരിയാർ, പെരിങ്ങൽകുത്ത്, പത്തനംതിട്ടയിലെ മൂഴിയാർ ഡാമുകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലും ജാഗ്രത തുടരുകയാണ്. നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. അരുവിക്കര, പേപ്പാറ ഡാമുകളിലെ ഷട്ടറുകളും തുറന്നിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ചില ഡാമുകളും തുറക്കേണ്ട സാഹചര്യം ഉണ്ടായേക്കാമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഡാമുകളുടെ താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും ദുരന്തനിവാരണ വിഭാഗം അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക