വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതി; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി കോടതി

രാജ്യത്തെ വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട കേസിൽ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും മുൻ ബിജെപി ലോക്സഭാംഗവുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ ഡൽഹിയിലെ റൗസ് അവന്യൂ കോടതി കുറ്റവിമുക്തനാക്കി. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അശ്വനി പൻവാറാണ് കേസിൽ വിധി പ്രസ്താവിച്ചത്.

ആറ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗിക പീഡന ആരോപണവുമായി രംഗത്തെത്തിയിരുന്നത്. താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2023 ഏപ്രിലിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് അന്വേഷണവും കുറ്റപത്ര സമർപ്പണവും പൂർത്തിയായ ശേഷം 2024 ജൂലൈയിൽ വിചാരണ ആരംഭിച്ചു. കേസിലെ വിധി ഓഗസ്റ്റ് 3-ലേക്ക് മാറ്റിവെച്ചിരുന്ന കോടതി, കുറ്റപത്രം സമർപ്പിച്ച് ഏകദേശം മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് അന്തിമ വിധി പ്രഖ്യാപിച്ചത്.

ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായിരുന്ന കാലത്ത് വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണങ്ങൾ രാജ്യവ്യാപകമായി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ദീർഘകാല പ്രതിഷേധങ്ങളും അരങ്ങേറി.

പ്രമുഖ ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, ബജ്‌റംഗി പുനിയാ , വിനേഷ് ഫോഗാട്ട് എന്നിവർ ഉൾപ്പെടെ നിരവധി കായികതാരങ്ങൾ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. ഈ പ്രതിഷേധം ദേശീയ തലത്തിൽ വലിയ രാഷ്ട്രീയ-കായിക ചർച്ചകൾക്കും കാരണമായിരുന്നു.

മറുപടി രേഖപ്പെടുത്തുക