ഒരു മിതവാദി ഹിന്ദുവിൽ നിന്ന് ‘ഉണർന്ന ഹിന്ദു’വായി ഞാൻ മാറിയിരിക്കുന്നു: കങ്കണ

ബിജെപി എംപിയും നടിയുമായ കങ്കണയുടെ പുതിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. ഹിന്ദുമതത്തെയും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെയും കുറിച്ചുള്ള തന്റെ നിലപാടിൽ മാറ്റമുണ്ടായതായി വ്യക്തമാക്കിയ കങ്കണ, താൻ മുമ്പ് ഒരു “മിതവാദി ഹിന്ദു” ആയിരുന്നുവെന്നും ഇപ്പോൾ “ഉണർന്ന ഹിന്ദു” ആകാൻ തീരുമാനിച്ചിരിക്കുകയാണെന്നും പറഞ്ഞു.

സോഷ്യൽ മീഡിയയിൽ തന്റെ പഴയ വീഡിയോകൾ വീണ്ടും പ്രചരിച്ചതിന് പിന്നാലെയാണ് കങ്കണ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ച് പ്രതികരിച്ചത്. പാർലമെന്റിലേക്ക് പോകുന്നതിന് മുമ്പ് തന്റെ ചിന്തകൾ പങ്കുവെക്കണമെന്ന ആഗ്രഹത്തോടെയാണ് വീഡിയോ പങ്കുവെച്ചതെന്ന് അവർ പറഞ്ഞു.

സിനിമാ മേഖലയിലെ നിരവധി ഹിന്ദു സ്ത്രീകൾ രാഷ്ട്രീയം, മതം തുടങ്ങിയ വിഷയങ്ങളിൽ വ്യക്തമായ പ്രത്യയശാസ്ത്ര നിലപാടുകൾ സ്വീകരിക്കാതെ നിഷ്പക്ഷ സമീപനമാണ് പുലർത്തുന്നതെന്ന് കങ്കണ അഭിപ്രായപ്പെട്ടു. യുവാക്കളിൽ ഇത്തരം പ്രവണത സാധാരണമാണെന്നും അവർ പറഞ്ഞു. അതേസമയം, ചിലർ പിന്നീട് വ്യത്യസ്ത രാഷ്ട്രീയ-സാമൂഹിക ആശയധാരകളിലേക്ക് ആകർഷിക്കപ്പെടുന്നതായും അവർ പരാമർശിച്ചു.

ഇന്ത്യൻ ഭരണഘടന ഓരോ പൗരനും താൻ ആഗ്രഹിക്കുന്ന മതവും പ്രത്യയശാസ്ത്രവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നുണ്ടെന്ന് കങ്കണ ചൂണ്ടിക്കാട്ടി. അതേ സ്വാതന്ത്ര്യം ഹിന്ദു സ്ത്രീകൾക്കും ലഭിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.

“എനിക്ക് സംഘത്തിന്റെ പ്രത്യയശാസ്ത്രം സ്വീകരിക്കണം. എനിക്ക് ഒരു ഉണർന്ന ഹിന്ദുവാകണം. മറ്റുള്ളവർക്ക് അവരുടെ ആശയധാര മാറ്റാൻ സ്വാതന്ത്ര്യമുണ്ടെങ്കിൽ, ഹിന്ദു സ്ത്രീകൾ അവരുടെ ചിന്തകൾ മാറ്റുന്നതിനെ എന്തുകൊണ്ടാണ് ചിലർ എതിർക്കുന്നത്?” എന്ന ചോദ്യവും അവർ ഉന്നയിച്ചു.

ബിജെപിയുടെയും ആർഎസ്എസ്ന്റെയും അച്ചടക്കവും ആശയപരമായ നിലപാടുകളും തനിക്ക് ആകർഷകമാണെന്നും കങ്കണ വ്യക്തമാക്കി.

അടുത്തിടെ യുവാക്കളെ കുറിച്ച് നടത്തിയ ഒരു വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് കങ്കണയുടെ പുതിയ പ്രതികരണവും ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ ചിലർ അവരുടെ അഭിപ്രായങ്ങളെ പിന്തുണയ്ക്കുമ്പോൾ, മറ്റുചിലർ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക