ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഏഴാം വാർഷിക ദിനത്തിൽ ജമ്മു-കശ്മീരിന്റെയും ലഡാക്കിന്റെയും വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും കേന്ദ്രസർക്കാർ പ്രതിബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇരു കേന്ദ്രഭരണ പ്രദേശങ്ങളും വിവിധ മേഖലകളിൽ ശ്രദ്ധേയമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചതായും അദ്ദേഹം പറഞ്ഞു.
2019 ഓഗസ്റ്റ് 5-ന് ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ആർട്ടിക്കിൾ 370, 35എ എന്നീ ഭരണഘടനാ വ്യവസ്ഥകൾ കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു. ഈ തീരുമാനം ജമ്മു-കശ്മീരിന്റെയും ലഡാക്കിന്റെയും ചരിത്രത്തിൽ നിർണായക വഴിത്തിരിവായിരുന്നുവെന്ന് മോദി എക്‌സിലെ കുറിപ്പിൽ ചൂണ്ടിക്കാട്ടി.
അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യരംഗം, സംരംഭകത്വം, കായിക മേഖല എന്നിവയിൽ വലിയ മുന്നേറ്റങ്ങളുണ്ടായതായി അദ്ദേഹം വ്യക്തമാക്കി. സ്ത്രീകൾക്കും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും ഇന്ത്യൻ ഭരണഘടനയുടെ പൂർണ പ്രയോജനം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
ഭാരതീയ ജനസംഘ സ്ഥാപകനായ ശ്യാമ പ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികം ആഘോഷിക്കുന്ന സാഹചര്യത്തിൽ ഇത്തവണത്തെ ഓഗസ്റ്റ് 5-ന് കൂടുതൽ പ്രാധാന്യമുണ്ടെന്നും മോദി പറഞ്ഞു. ജമ്മു-കശ്മീരിന്റെയും ലഡാക്കിന്റെയും പുരോഗതിക്കായുള്ള പ്രതിബദ്ധത തുടരുമെന്നും വികസിത ഇന്ത്യയുടെ നിർമാണത്തിൽ ഓരോ പൗരനും പങ്കാളികളാകാനുള്ള അവസരങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
