അഗസ്ത്യാർകൂടത്തിൽ നിന്ന് ഉത്ഭവിച്ച് തമിഴ്നാട്ടിലൂടെ ഒഴുകുന്ന പുണ്യനദിയായ താമ്രപർണിക്ക് ദിവ്യ-വ്യക്തിത്വ പരിവേഷം നൽകി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. നദിയിൽ തുണി, പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തടയാൻ കർശന നിയമനടപടികളും പിഴയും ഏർപ്പെടുത്തണമെന്ന് ജസ്റ്റിസുമാരായ ജി.ആർ. സ്വാമിനാഥൻ, ബി. പുകഴേന്തി എന്നിവരടങ്ങിയ ബെഞ്ച് തിരുനെൽവേലി ജില്ലാ കളക്ടർക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നിർദേശം നൽകി.
പവിത്രമായി കണക്കാക്കുന്ന താമ്രപർണിയെ മലിനീകരിക്കാൻ ആർക്കും അവകാശമില്ലെന്ന് 19 പേജുള്ള വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. മേയ് മാസത്തിൽ മാത്രം 89 ടൺ തുണിയും ഏകദേശം ഒരു ടൺ പ്ലാസ്റ്റിക്കും ഷാംപൂ കവറുകളും നദിയിൽ നിക്ഷേപിച്ചതും കോടതി ഗൗരവമായി പരിഗണിച്ചു.
ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമാണ് നദിക്ക് വ്യക്തിത്വ പരിവേഷം നൽകിയത്. അതേസമയം, ചുട്ടെടുക്കാത്ത മൺകലങ്ങളിൽ നിമജ്ജനം നടത്തുന്നതിന് കോടതി വിധിയിൽ പ്രത്യേക അനുമതിയും നൽകിയിട്ടുണ്ട്.
