‘മെസി വരുമെന്ന പേരിൽ നടന്നത് ദുരൂഹ ഇടപാട്’; വിജിലൻസും കേന്ദ്ര അന്വേഷണ ഏജൻസികളും അന്വേഷണം നടത്തണം : പി.കെ. ഫിറോസ്

അർജന്റീന ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളിൽ വിജിലൻസും കേന്ദ്ര അന്വേഷണ ഏജൻസികളും അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ് നേതാവും എം.എൽ.എയുമായ പി.കെ. ഫിറോസ് ആവശ്യപ്പെട്ടു. രണ്ട് രാജ്യങ്ങൾ തമ്മിൽ ബന്ധപ്പെട്ട വിഷയമായതിനാലാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണവും അനിവാര്യമെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചി സ്റ്റേഡിയം സ്പോൺസർ കമ്പനിക്ക് ഡെപ്പോസിറ്റ് വാങ്ങാതെ വിട്ടുനൽകിയ സംഭവത്തിൽ അന്നത്തെ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ നിലപാട് വ്യക്തമാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. കായിക മന്ത്രിയുടെ സ്വാധീനത്തിലോ അന്നത്തെ മുഖ്യമന്ത്രിയുടെ അറിവോടെയോ ആണ് പരിശോധനകൾ നടക്കാതിരുന്നതെന്ന സംശയം ഉയരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

മെസിയും അർജന്റീന ടീമും കേരളത്തിലെത്തുമെന്ന് വൻ പ്രചാരണം നടത്തിയെങ്കിലും അത് യാഥാർഥ്യമായില്ലെന്ന് ഫിറോസ് ചൂണ്ടിക്കാട്ടി. പണം കൈമാറിയിട്ടില്ലെങ്കിൽ അത് വ്യക്തമാക്കണമെന്നും, കൈമാറ്റം നടന്നിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെസിയുടെ വരവ് വാഗ്ദാനം ചെയ്ത് ആളുകളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കിൽ സ്പോൺസർ കമ്പനി ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിച്ചോയെന്നും അദ്ദേഹം ചോദിച്ചു.

മെസി കേരളത്തിലെത്തില്ലെന്ന സംശയം തുടക്കത്തിൽ തന്നെ യൂത്ത് ലീഗ് ഉന്നയിച്ചിരുന്നുവെന്നും അത് അസൂയ കൊണ്ടല്ല, വിഷയത്തിലെ ദുരൂഹതകൾ കൊണ്ടാണെന്നും പി.കെ. ഫിറോസ് കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക