നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ കുടുംബാംഗങ്ങളെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സന്ദർശിച്ചു. ദുരന്തത്തിന്റെ ആദ്യഘട്ടത്തിൽ ഉണ്ടായ കാലതാമസം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം ദുരന്തങ്ങളിൽ എങ്ങനെ ഇടപെടണമെന്ന് സർക്കാരിനും ബന്ധപ്പെട്ട വകുപ്പുകൾക്കും വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ലെന്നും ഇത് നിർഭാഗ്യകരമായ സാഹചര്യമാണെന്നും പ്രതിപക്ഷനേതാവ് വിമർശിച്ചു. ന്യായീകരണങ്ങൾ പറയുന്നതിൽ കാര്യമില്ലെന്നും സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുടുംബത്തിന്റെ തുടർ സംരക്ഷണം ഉറപ്പാക്കുകയാണ് ഇപ്പോൾ ഏറ്റവും പ്രധാനമെന്നും ഗൗതമിന്റെ ഇളയ സഹോദരന് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുയോജ്യമായ ജോലി കെ.എം.എം.എല്ലിൽ നൽകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുന്നതിനും സ്വന്തമായി വീട് അനുവദിക്കുന്നതിനുമുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഗൗതം കൃഷ്ണയെ കാണാതായിട്ട് ഇന്ന് പന്ത്രണ്ടാം ദിവസമാണ്. കഴിഞ്ഞ ദിവസങ്ങളിൽ നാവികസേനയുടെ സ്കൂബ സംഘം തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇന്ന് കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും ചേർന്ന് വിവിധ മേഖലകളിൽ തിരച്ചിൽ തുടരുകയാണ്.
