അലി ഖമേനിയുടെ മരണത്തിന് പിന്നാലെ രാജ്യം തകരുമെന്ന് അമേരിക്കയും ഇസ്രായേലും കരുതി; പുതിയ പരമോന്നത നേതാവിന്റെ സാന്നിധ്യം കരുത്തെന്ന് ഇറാൻ പ്രസിഡന്റ്

ഇറാന്റെ പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമേനിയുമായി നേരിട്ട് ആശയവിനിമയം നടത്തുന്നത് നിലവിൽ ബുദ്ധിമുട്ടേറിയതാണെങ്കിലും, അദ്ദേഹത്തിന്റെ നേതൃത്വം രാജ്യത്തിന് വലിയ ആത്മവിശ്വാസവും കരുത്തും പകരുന്നതായി പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ പറഞ്ഞു.

പ്രസിഡന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുൻ പരമോന്നത നേതാവ് അലി ഖമേനിയുടെ മരണത്തിന് പിന്നാലെ രാജ്യം തകരുമെന്ന് അമേരിക്കയും ഇസ്രായേലും പ്രതീക്ഷിച്ചിരുന്നുവെന്നും, എന്നാൽ ആ കണക്കുകൂട്ടലുകൾ തെറ്റിപ്പോയെന്നും അദ്ദേഹം ആരോപിച്ചു.

“രാജ്യം തകരാതെ മുന്നോട്ടുപോയി. പുതിയ നേതാവിനെ തെരഞ്ഞെടുത്തതോടെ ഭരണസംവിധാനത്തിനും ജനങ്ങൾക്കും ആത്മവിശ്വാസം ലഭിച്ചു. അദ്ദേഹവുമായി ആശയവിനിമയം ഇപ്പോൾ എളുപ്പമല്ലെങ്കിലും, അദ്ദേഹത്തിന്റെ സാന്നിധ്യം രാജ്യത്തിന് വലിയ ശക്തിയാണ്,” പെഷേഷ്കിയാൻ പറഞ്ഞു.

ഇറാൻ ഇപ്പോൾ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിലൊന്നിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കർശനമായ സാമ്പത്തിക ഉപരോധങ്ങൾ, അന്താരാഷ്ട്ര ബാങ്കിംഗ് നിയന്ത്രണങ്ങൾ, വിദേശ ഇടപാടുകളിലെ തടസങ്ങൾ, സമുദ്ര ഗതാഗതവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ, യുദ്ധസാഹചര്യങ്ങൾ എന്നിവ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അലി ഖമേനിയുടെ മകനായ മൊജ്തബ ഖമേനിയെ രാജ്യത്തെ വിദഗ്ധ സമിതി മാർച്ച് മാസത്തിൽ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തിരുന്നു.

ഇതിനിടെ, ഹോർമുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനായി ഇറാനും ഒമാനും പുതിയ ക്രമീകരണങ്ങൾക്ക് അന്തിമരൂപം നൽകിയതായി റിപ്പോർട്ടുകളുണ്ട്. നിലവിലുള്ള താൽക്കാലിക റൂട്ടുകൾക്ക് പകരമായി ഇറാന്റെ പ്രാദേശിക ജലപരിധിയിലൂടെ കടന്നുപോകുന്ന പുതിയ ഏകീകൃത പാത നടപ്പാക്കാനാണ് നീക്കം.

അതേസമയം, ഹോർമുസ് കടലിടുക്കിന്റെ പ്രവർത്തനം പൂർണമായി സാധാരണ നിലയിലാകുന്നത് അമേരിക്ക തന്റെ ബാധ്യതകൾ വ്യക്തമായി പാലിക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ഇറാനിയൻ ചർച്ചാ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഒരു ഇറാഖി വിമാനക്കമ്പനിക്കെതിരായ ഉപരോധം അമേരിക്ക പിൻവലിച്ചതും ഇറാൻ-അമേരിക്ക ധാരണാപത്രവുമായി നേരിട്ട് ബന്ധപ്പെട്ട കാര്യമല്ലെന്നും അവർ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക