കേന്ദ്ര സഹായം നഷ്ടപ്പെടാതിരിക്കാനാണ് മാറ്റമെന്ന് സർക്കാർ; പെൻഷൻ വിതരണത്തിൽ വിശദീകരണം

ക്ഷേമപെൻഷൻ വിതരണം ചെയ്യുന്ന രീതിയിൽ മാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സംസ്ഥാന സർക്കാർ. വിതരണം ചെയ്യാതെ ശേഷിക്കുന്ന തുകകൾ തിരിച്ചടയ്ക്കുന്നതിലെ കാലതാമസം, അർഹതയില്ലാത്തവർക്ക് പെൻഷൻ ലഭിക്കുന്ന സാഹചര്യം, ഒരാൾ ഒന്നിലധികം പെൻഷൻ കൈപ്പറ്റുന്നത് തുടങ്ങിയ ക്രമക്കേടുകൾ ഒഴിവാക്കുന്നതിനായാണ് പുതിയ തീരുമാനമെന്ന് സർക്കാർ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) മാനദണ്ഡങ്ങൾ പാലിച്ച് കേന്ദ്ര ധനസഹായം ഉറപ്പാക്കുന്നതിനും ഈ മാറ്റം അനിവാര്യമാണെന്നാണ് സർക്കാർ വിശദീകരണം.

സർക്കാരിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ, പൂർണമായും കിടപ്പുരോഗികളായ ഗുണഭോക്താക്കളെ ഒഴികെ എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കും ഇനി ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് പെൻഷൻ ലഭിക്കുകയെന്ന് വ്യക്തമാക്കുന്നു. ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്കാണ് തുക നേരിട്ട് കൈമാറുക.

നിലവിൽ പ്രാഥമിക സഹകരണ സംഘങ്ങൾ മുഖേന വീടുകളിലെത്തി പെൻഷൻ വിതരണം ചെയ്യുന്ന രീതിയാണ് തുടരുന്നത്. എന്നാൽ വിതരണം ചെയ്യാത്ത തുകകൾ സമയബന്ധിതമായി തിരിച്ചടയ്ക്കുന്നതിലെ വീഴ്ച, രേഖകളിലെ പൊരുത്തക്കേടുകൾ, അർഹതയില്ലാത്തവർക്ക് പെൻഷൻ ലഭിക്കുന്ന സാഹചര്യം എന്നിവ പരിഹരിക്കാനാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി.

2016 മുതൽ എൽഡിഎഫ് സർക്കാർ ആവശ്യപ്പെട്ട ഗുണഭോക്താക്കൾക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ വിതരണം ചെയ്തുവരികയായിരുന്നു. സംസ്ഥാനത്തെ ഏകദേശം 52 ലക്ഷം പെൻഷൻ ഗുണഭോക്താക്കളിൽ 23 ലക്ഷത്തോളം പേർ ഈ സേവനം ഉപയോഗിച്ചുവരുന്നവരാണ്. പുതിയ തീരുമാനം ഇവരിൽ വലിയൊരു വിഭാഗത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

കിടപ്പുരോഗികൾക്ക് പുറമേ ഭിന്നശേഷിക്കാർ, അവശരായവർ, സഹായത്തിനായി വിശ്വസ്തരായ ആളുകളില്ലാത്തവർ, ബാങ്കുകളോ എടിഎമ്മുകളോ സമീപത്തില്ലാത്തവർ തുടങ്ങിയവർക്കും വീടുകളിൽ എത്തിച്ചുള്ള പെൻഷൻ വിതരണം ഏറെ സഹായകരമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പെൻഷൻ വിതരണം ചെയ്ത ഓരോ ഗുണഭോക്താവിനും ഏജന്റുമാർക്ക് 25 രൂപയും സഹകരണ സംഘങ്ങൾക്ക് അഞ്ച് രൂപയും സർക്കാർ ഇൻസെന്റീവായി നൽകിയിരുന്നു. സംസ്ഥാനത്തെ 1,625 സഹകരണ സംഘങ്ങളിലായി പ്രവർത്തിക്കുന്ന ഏകദേശം 5,000 ഏജന്റുമാരും ഈ മാറ്റത്തിന്റെ ഭാഗമായി വരുമാന നഷ്ടം നേരിടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് വിതരണം പൂർണമായും ബാങ്ക് അക്കൗണ്ടുകൾ വഴിയാക്കാൻ തീരുമാനിച്ചതെന്നും സർക്കാർ വിശദീകരിച്ചു.

മറുപടി രേഖപ്പെടുത്തുക