തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ അനുനയ നീക്കവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഴിഞ്ഞത്ത് കടലിൽ കാണാതായ ജോണിന്റെ മകളുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിക്കുകയും തിരച്ചിൽ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. സംഭവത്തിൽ സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
അതേസമയം, മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളി ഷിജിന്റെ കുടുംബവുമായി മന്ത്രി സി.പി. ജോൺ ചർച്ച നടത്തി. സർക്കാർ സഹായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പരിഗണിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി കുടുംബത്തെ അറിയിച്ചു.
കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. മുതലപ്പൊഴി, വിഴിഞ്ഞം, നീണ്ടകര മേഖലകളിൽ കടലിൽ കാണാതായവരെ കണ്ടെത്തുന്നതിനായി സംസ്ഥാന മത്സ്യ വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത തെരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണെന്ന് വകുപ്പ് വ്യക്തമാക്കി.
കോസ്റ്റ് ഗാർഡിന്റെ കപ്പലുകൾ, ഡോണിയർ വിമാനം, മറൈൻ എൻഫോഴ്സ്മെന്റ് ബോട്ടുകൾ, മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ എന്നിവ ഉപയോഗിച്ചാണ് കടലിൽ വിപുലമായ തിരച്ചിൽ നടത്തുന്നതെന്നും ഫിഷറീസ് വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
