രാജ്യത്തെ യുവാക്കളെ മോദി സർക്കാർ ഭയപ്പെടുന്നു; അതിനാലാണ് അവരുടെ ശബ്ദം നിശബ്ദമാക്കാൻ പുതിയ മാർഗങ്ങൾ തേടുന്നത്: കെജ്‌രിവാൾ

വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. രാജ്യത്തെ യുവാക്കളെ മോദി സർക്കാർ ഭയപ്പെടുന്നുവെന്നും അതിനാലാണ് അവരുടെ ശബ്ദം നിശബ്ദമാക്കാൻ പുതിയ മാർഗങ്ങൾ തേടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വെള്ളിയാഴ്ച പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലൂടെയായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം. യുവാക്കളുടെ ശബ്ദം അടിച്ചമർത്തുന്നതിന് പകരം രാജ്യത്തിന് ഗുണകരമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

സർക്കാർ കൊണ്ടുവന്ന പുതിയ നിയമപ്രകാരം, കേന്ദ്രത്തിന്റെ നിർദേശത്തെ തുടർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള പോസ്റ്റുകളോ വീഡിയോകളോ മൂന്ന് മണിക്കൂറിനുള്ളിൽ നീക്കം ചെയ്യേണ്ട സാഹചര്യമാണുള്ളതെന്ന് കെജ്‌രിവാൾ ആരോപിച്ചു. സർക്കാർ നയങ്ങളെയും നടപടികളെയും വിമർശിക്കുന്ന ഉള്ളടക്കങ്ങൾ ഇതിലൂടെ ഇല്ലാതാക്കപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യപേപ്പർ ചോർച്ച, എത്തനോൾ മിശ്രിത നയം, അഴിമതി ആരോപണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിനെ വിമർശിക്കുന്നവരുടെ ശബ്ദം അടിച്ചമർത്താനാണ് ഇത്തരം നടപടികളെന്ന് കെജ്‌രിവാൾ ആരോപിച്ചു. പ്രധാനമന്ത്രിയെയോ എൻഡിഎ സർക്കാരിനെയോ വിമർശിക്കരുതെന്ന സന്ദേശമാണ് ഈ നിയമം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷമായി ജനങ്ങൾക്കിടയിൽ വളർന്നുവരുന്ന അസംതൃപ്തിയുടെ പ്രതിഫലനമാണ് വിദ്യാർത്ഥി പ്രതിഷേധങ്ങളെന്നും ജന്തർ മന്തറിലെ സമരങ്ങൾ അതിന്റെ തെളിവാണെന്നും കെജ്‌രിവാൾ പറഞ്ഞു. യുവാക്കളുടെ ശബ്ദം നിയന്ത്രിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വിദ്യാർത്ഥികളെയും സ്ത്രീകളെയും അപമാനിക്കുകയും വിയോജിപ്പുകളെ അടിച്ചമർത്തുകയും ചെയ്യുന്ന സമീപനം ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും, വിമർശനങ്ങളെ കേൾക്കാനും പരിഹരിക്കാനുമാണ് സർക്കാർ തയ്യാറാകേണ്ടതെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക