ഒളിവിലിരിക്കെ പൊലീസിനെതിരെ പരസ്യമായി പ്രതികരിച്ച അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരി രംഗത്ത്. അര്‍ജുന്‍ ആയങ്കി പൊലീസിനെ വെല്ലുവിളിക്കുകയും അവഹേളിക്കുകയും ചെയ്ത നിലപാടിനോട് തനിക്ക് വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കിയ ആകാശ്, അതിന്റെ പേരില്‍ ഒരു പൗരന്റെ ജീവന് ഭീഷണിയുയര്‍ത്തുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ആഭ്യന്തര വകുപ്പിനും സര്‍ക്കാരിനുമെതിരെ ആകാശ് തില്ലങ്കേരി വിമര്‍ശനം ഉന്നയിച്ചത്. തെറ്റ് ചെയ്തുവെന്ന പേരില്‍ ഒരാളെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിടുന്ന സാഹചര്യമല്ല കേരളമെന്നും, അത് ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അര്‍ജുന്‍ ആയങ്കിക്കെതിരെ കള്ളക്കേസ് ചുമത്തിയെന്ന ആരോപണം ഉന്നയിച്ച ആകാശ്, അതിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ വികാരപ്രകടനമായിരിക്കാം അദ്ദേഹത്തിന്റെ പ്രതികരണമെന്ന് പറഞ്ഞു. ഒരു ജനാധിപത്യ സമൂഹത്തില്‍ എതിര്‍പ്പുകള്‍ നിയമപരമായും രാഷ്ട്രീയമായും പ്രകടിപ്പിക്കേണ്ടതാണെങ്കിലും, അര്‍ജുനിന്റെ പ്രതികരണത്തിന് കാരണമായ സംഭവങ്ങളെ അവഗണിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അര്‍ജുന്‍ ആയങ്കിയെയും അദ്ദേഹത്തിന്റെ കൂട്ടാളികളെയും പിന്തുണയ്ക്കുന്ന നിലപാടിലാണ് താനെന്നും ആകാശ് തില്ലങ്കേരി വ്യക്തമാക്കി. അതേസമയം, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഭരണകൂടം തന്നെ ഒരു പൗരന്റെ ജീവനോട് ഭീഷണിയുയര്‍ത്തുന്ന തരത്തില്‍ പെരുമാറുന്നത് ജനാധിപത്യത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം ആരോപിച്ചു.
ഭരണകൂട ഭീകരതയെന്നും സംഘപരിവാര്‍ മാതൃകയിലുള്ള അടിച്ചമര്‍ത്തലുകളെന്നും വിശേഷിപ്പിച്ച നടപടികള്‍ക്കെതിരെ ശക്തമായി നിലകൊള്ളുമെന്നും ആകാശ് കുറിപ്പില്‍ വ്യക്തമാക്കി. ഭരണകൂടത്തിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്നും, അത്തരം നടപടികളെ രാഷ്ട്രീയമായും ജനാധിപത്യപരമായും ചെറുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
