അർജുൻ ആയങ്കിക്കായി ക്രൗഡ് ഫണ്ടിങ്; 16,000 രൂപ ലഭിച്ചതായി സഹോദരൻ അജയ്

അർജുൻ ആയങ്കിക്കുവേണ്ടി നടത്തിയ ക്രൗഡ് ഫണ്ടിങ്ങിലൂടെ 16,000 രൂപ ലഭിച്ചതായി സഹോദരൻ അജയ് ആയങ്കി പൊലീസിനോട് മൊഴി നൽകി. നിയമനടപടികൾക്കായാണ് ഈ തുക ഉപയോഗിച്ചതെന്നും പണം ഒരു സുഹൃത്തിന് കൈമാറിയതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കോഴിക്കോട് നടക്കാവ് പൊലീസാണ് അജയ് ആയങ്കിയെ അറസ്റ്റ് ചെയ്തത്. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.

നിരവധി കേസുകളിൽ പ്രതിയും ഒളിവിൽ കഴിയുന്നയാളുമായ അർജുൻ ആയങ്കിയുടെ പേരിലുള്ള അക്കൗണ്ട് ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ അജയ് ക്രൗഡ് ഫണ്ടിങ് നടത്തിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ഞായറാഴ്ച പുലർച്ചെ 12.30ഓടെ ഈസ്റ്റ് നടക്കാവിലെ ബ്ലിങ്കിറ്റ് സ്ഥാപനത്തിന് സമീപത്തുവെച്ചാണ് നിയമാനുസൃതമായി മുൻകരുതൽ അറസ്റ്റ് നടത്തിയതെന്നും പൊലീസ് രേഖകളിൽ വ്യക്തമാക്കുന്നു.

ഇതിനിടെ, ഒളിവിലായിരുന്ന ക്രിമിനൽ കേസിലെ പ്രതി അർജുൻ ആയങ്കിയുടെ അറസ്റ്റിനെ തുടർന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ജനങ്ങളെയും നിയമ സംവിധാനത്തെയും വെല്ലുവിളിക്കുന്ന ഒരു ഗുണ്ടയ്ക്കും കേരളത്തിൽ സ്ഥാനമില്ലെന്ന് മന്ത്രി പറഞ്ഞു.

“എല്ലാ സംവിധാനങ്ങളെയും വെല്ലുവിളിക്കുന്ന ഗുണ്ടകൾക്ക് ഇതുതന്നെയാകും അനുഭവം. ജനങ്ങളെ ഭീഷണിപ്പെടുത്തുകയും നിയമത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നവരെ നിലയ്ക്കുനിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്,” എന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളം ഗുണ്ടകളുടെ നാടല്ല, സമാധാനവും നിയമവാഴ്ചയും ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ഗുണ്ടകളുടെ പറുദീസയാക്കി മാറ്റാൻ ആരെയും അനുവദിക്കില്ലെന്നും മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്നും രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി.

മറുപടി രേഖപ്പെടുത്തുക