ഡൽഹിയിലെ ജന്തർ മന്തറിൽ സമരം നടത്തിയ വിദ്യാർഥികളെ അധിക്ഷേപിച്ച സംഭവത്തിൽ ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മട്ടാഞ്ചേരി ചെറളായിയിലെ വസതിയിലെത്തിയാണ് തിരുവനന്തപുരം സൈബർ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നിയമനടപടികളും വൈദ്യപരിശോധനയും പൂർത്തിയാക്കിയ ശേഷം മോഹൻദാസിനെ രാത്രിയിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
ജന്തർ മന്തറിൽ പ്രതിഷേധം നടത്തിയ വിദ്യാർഥികളെ വെടിവെച്ചുകൊല്ലണമെന്ന തരത്തിലുള്ള പരാമർശമാണ് ടി.ജി. മോഹൻദാസ് നടത്തിയതെന്നാരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ ആദ്യം പരാതി നൽകിയിരുന്നു. തുടർന്ന് നിരവധി പേരും പരാതിയുമായി രംഗത്തെത്തിയിരുന്നു.
എന്നാൽ പരാതി ലഭിച്ചിട്ടും മോഹൻദാസിനെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ പൊലീസ് തയ്യാറായില്ലെന്ന വിമർശനം ഉയർന്നിരുന്നു. കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ വൈകുന്നതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധവും ശക്തമായി. പരാതികൾ ലഭിച്ച് മൂന്നാം ദിവസമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ജൂലൈ 29-നാണ് കലാപാഹ്വാനവുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി കേസ് എടുത്തത്. ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ ടി.ജി. മോഹൻദാസ് നടത്തിയ പരാമർശങ്ങൾ അശ്ലീലവും അധിക്ഷേപകരവുമാണെന്ന ആരോപണവും ഉയർന്നിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.
ലഹള സൃഷ്ടിക്കാനുള്ള ഉദ്ദേശത്തോടെ യൂട്യൂബ് ചാനൽ വഴി പ്രകോപനപരമായ വീഡിയോകൾ പ്രചരിപ്പിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
