സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിനും റീൽസ് ചിത്രീകരണത്തിനും നിയന്ത്രണം ഏർപ്പെടുത്തി തമിഴ്നാട് ഹിന്ദു മത-ദേവസ്വം വകുപ്പ്. സെപ്റ്റംബർ 1 മുതൽ പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വരും. ക്ഷേത്രങ്ങളിലെ ആത്മീയ അന്തരീക്ഷം സംരക്ഷിക്കുന്നതിനും അനാവശ്യ ചിത്രീകരണങ്ങൾ നിയന്ത്രിക്കുന്നതിനുമാണ് നടപടി.
പുതിയ ഉത്തരവ് പ്രകാരം ക്ഷേത്രത്തിനകത്ത് ഫോട്ടോ എടുക്കുന്നതും ദേവതകളുടെ വീഡിയോ ചിത്രീകരിക്കുന്നതും ക്ഷേത്ര പരിസരത്ത് റീൽസുകളോ മറ്റ് സോഷ്യൽ മീഡിയ വീഡിയോകളോ ചിത്രീകരിക്കുന്നതും അനുവദിക്കില്ല. വിഐപികളായാലും സിനിമാതാരങ്ങളായാലും ഉൾപ്പെടെ ആർക്കും ഇക്കാര്യത്തിൽ പ്രത്യേക ഇളവ് നൽകില്ലെന്നും ദേവസ്വം വകുപ്പിന്റെ സർക്കുലറിൽ വ്യക്തമാക്കുന്നു.
ഭക്തർക്ക് മൊബൈൽ ഫോണുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ക്ഷേത്ര പ്രവേശന കവാടങ്ങളിൽ ക്ലോക്ക് റൂം സൗകര്യം ഒരുക്കും. ഒരു ഫോൺ സൂക്ഷിക്കുന്നതിന് അഞ്ച് രൂപ ഫീസ് ഈടാക്കും. ഇന്റഗ്രേറ്റഡ് ടെമ്പിൾ മാനേജ്മെന്റ് സിസ്റ്റം വഴി നിർബന്ധമായും രസീത് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
മൊബൈൽ ഫോണുകൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തണമെന്നും സർക്കുലർ നിർദേശിക്കുന്നു.
ക്ഷേത്ര വളപ്പിലും പ്രവേശന കവാടങ്ങളിലും മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിക്കണം. കൂടാതെ, പൊതുജനങ്ങൾക്ക് മൈക്ക് സംവിധാനത്തിലൂടെയും നിയന്ത്രണങ്ങളെക്കുറിച്ച് അറിയിപ്പ് നൽകേണ്ടതുണ്ടെന്ന് ഉത്തരവിൽ പറയുന്നു.
വിഐപി സന്ദർശനങ്ങൾ സംബന്ധിച്ച വിവരങ്ങൾ കുറഞ്ഞത് ഒരു ദിവസം മുമ്പെങ്കിലും ദേവസ്വം വകുപ്പ് കമ്മീഷണറെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
2022 ഡിസംബർ 2-ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയതെന്ന് ദേവസ്വം വകുപ്പ് അറിയിച്ചു.
