മഴക്കെടുതി: 121 കോടി രൂപയുടെ കൃഷിനാശം; കർഷകർക്ക് സഹായം ഉറപ്പെന്ന് മന്ത്രി ടി. സിദ്ദിഖ്

സംസ്ഥാനത്തെ ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം കൃഷി മേഖലയിൽ 121 കോടി രൂപയുടെ നഷ്ടമുണ്ടായതായി കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. മഴക്കെടുതിയിൽ 9,332 ഹെക്ടർ സ്ഥലത്തെ കൃഷി നശിക്കുകയും ഏകദേശം 45,000 കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

മഴക്കെടുതിയിൽപ്പെട്ട കർഷകർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കർഷകർക്ക് എങ്ങനെ കൂടുതൽ ഫലപ്രദമായ സഹായം നൽകാമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനായി വിവിധ ധനകാര്യ ഏജൻസികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചൊവ്വാഴ്ച വിളിച്ചുചേർത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ പല പ്രദേശങ്ങളിലും നിലവിൽ ജലനിരപ്പ് ഗണ്യമായി കുറഞ്ഞിട്ടുള്ളത് ആശ്വാസകരമായ സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ സംസ്ഥാന കാർഷിക അവാർഡുകളും കൃഷിമന്ത്രി പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ ഏർപ്പെടുത്തിയ കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് പത്മശ്രീ ചെറുവയൽ രാമൻ അർഹനായി.

മുൻ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ പേരിലുള്ള മികച്ച സേവനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള അവാർഡ് കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിനും കണ്ണൂർ ജില്ലയിലെ ഉളിക്കൽ ഗ്രാമപഞ്ചായത്തിനും ലഭിച്ചു.

മികച്ച കൃഷിഭവനുള്ള വി.വി. രാഘവൻ സ്മാരക അവാർഡിന് പത്തനംതിട്ട ജില്ലയിലെ കുറ്റൂർ കൃഷിഭവൻ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കും സംഭാവനകൾക്കും അംഗീകാരമായാണ് വിവിധ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതെന്ന് മന്ത്രി പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക