ഗുഡ്ക, പുകയില, നിക്കോട്ടിൻ അടങ്ങിയ പാൻ മസാല എന്നിവയുടെ നിർമ്മാണം, സംഭരണം, വിതരണം, ഗതാഗതം, വിൽപ്പന എന്നിവയ്ക്ക് കർണാടക സർക്കാർ സംസ്ഥാനവ്യാപകമായി ഒരു വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി. പൊതുജനാരോഗ്യം കണക്കിലെടുത്താണ് ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റ് ഉത്തരവ് പുറപ്പെടുവിച്ചത്.
2006ലെ ഭക്ഷ്യസുരക്ഷാ നിലവാര നിയമവും അനുബന്ധ ചട്ടങ്ങളും പ്രകാരമാണ് നിരോധനം നടപ്പാക്കിയത്. പുകയിലയോ നിക്കോട്ടിനോ അടങ്ങിയ ഗുഡ്ക, പാൻ മസാല എന്നിവയ്ക്ക് പുറമെ, മറ്റേതെങ്കിലും പേരിൽ പായ്ക്ക് ചെയ്തതോ പായ്ക്ക് ചെയ്യാത്തതോ ആയ സമാന ഉൽപ്പന്നങ്ങൾക്കും നിരോധനം ബാധകമായിരിക്കും.
നിരോധനം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പ്രത്യേക പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
ഗുഡ്ക, പാൻ മസാല തുടങ്ങിയ ഉൽപ്പന്നങ്ങളിൽ ലഹരി വസ്തുക്കൾ കലർത്തുന്നുണ്ടെന്ന ആശങ്ക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നേരത്തെ ഉന്നയിച്ചിരുന്നു. ‘മയക്കുമരുന്ന് രഹിത കർണാടക’ എന്ന ലക്ഷ്യത്തോടെ സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
