ഫുട്ബോൾ താരം ലയണൽ മെസിയെയും അർജന്റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക പരിശോധന ആരംഭിച്ചതായി റിപ്പോർട്ട്. സ്പോൺസർ വിദേശത്തേക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട ഇടപാടുകളിൽ വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ) ഉണ്ടായിട്ടുണ്ടോയെന്നാണ് പരിശോധന.
മെസിയുടെ കേരള സന്ദർശന പദ്ധതിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകളും ചട്ടലംഘനങ്ങളും ഉണ്ടായതായി കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി വിവരശേഖരണവും പ്രാഥമിക അന്വേഷണ നടപടികളും ആരംഭിച്ചിരിക്കുന്നത്.
അതേസമയം, പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്പോൺസർമാരുടെ പശ്ചാത്തലം സംബന്ധിച്ച റിപ്പോർട്ടിൽ, അവർക്കെതിരെ വിവിധ കേസുകൾ നിലവിലുണ്ടെന്നും വഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ നിയമനടപടികൾ നേരിടുന്നവരാണെന്നും വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള മുന്നറിയിപ്പുകൾ ഉണ്ടായിട്ടും പദ്ധതി മുന്നോട്ടുകൊണ്ടുപോയെന്നാണ് റിപ്പോർട്ടുകളിലെ ആരോപണം.
അർജന്റീന ടീമിനെ എത്തിക്കുന്നതിനുള്ള ഫണ്ടിന്റെ ഉറവിടം കേന്ദ്ര ഏജൻസികൾ അന്വേഷിക്കാൻ സാധ്യതയുണ്ടെന്നും, അത് പിന്നീട് സംസ്ഥാന സർക്കാരിനെതിരായ വിവാദങ്ങൾക്ക് ഇടയാക്കാമെന്നും പൊലീസ് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് വിവരം.
