1947-ൽ മോദിയെപ്പോലൊരു നേതാവ് രാജ്യത്തെ നയിച്ചിരുന്നെങ്കിൽ ഇന്ത്യ വിഭജിക്കപ്പെടുമായിരുന്നില്ല: യോഗി ആദിത്യനാഥ്

1947-ൽ നരേന്ദ്ര മോദിയെപ്പോലൊരു ശക്തനായ നേതാവ് രാജ്യത്തെ നയിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ വിഭജനം സംഭവിക്കുമായിരുന്നില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സിദ്ധാർത്ഥ് നഗറിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്ന് മോദിയുടെ നേതൃത്വമുണ്ടായിരുന്നുവെങ്കിൽ ഇന്ത്യയെ ആരും ഉപദ്രവിക്കാൻ ധൈര്യപ്പെടുമായിരുന്നില്ലെന്നും യോഗി അഭിപ്രായപ്പെട്ടു. വിഭജനകാലത്തെ ദുരന്തങ്ങളിൽ നിന്ന് രാജ്യം പാഠം ഉൾക്കൊള്ളണമെന്നും അത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

വിഭജനകാലത്ത് ദശലക്ഷക്കണക്കിന് ഹിന്ദുക്കൾ കൊല്ലപ്പെട്ടുവെന്നും അധികാരമോഹം മൂലം അന്നത്തെ നേതാക്കൾ രാജ്യത്തെ വിഭജിക്കാൻ അനുവദിച്ചുവെന്നും യോഗി ആരോപിച്ചു. പാകിസ്ഥാൻ ആവശ്യപ്പെടാത്ത ചില പ്രദേശങ്ങൾ പോലും രാഷ്ട്രീയ കാരണങ്ങളാൽ വിട്ടുകൊടുത്തുവെന്നും അദ്ദേഹം വിമർശിച്ചു.

ജാതി, ഭാഷ, പ്രദേശം തുടങ്ങിയ അടിസ്ഥാനങ്ങളിലുള്ള ആഭ്യന്തര ഭിന്നതകളാണ് അന്നത്തെ ഇന്ത്യയുടെ ഏറ്റവും വലിയ ദൗർബല്യമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ രാഷ്ട്രീയ സ്വാർഥതകൾ ദുർബലമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവ ഒരുകാലത്ത് അഖണ്ഡ ഭാരതത്തിന്റെ ഭാഗമായിരുന്നുവെന്നും ചരിത്രത്തിൽ നിന്നുള്ള പാഠങ്ങൾ ഭാവിയിലേക്കുള്ള വഴികാട്ടിയാകണമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക