അയോധ്യ രാമക്ഷേത്ര നിർമ്മാണ ഫണ്ടിലേക്കുള്ള സംഭാവനകൾ തട്ടിയെടുത്തെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്തിമ റിപ്പോർട്ട് ഉത്തർപ്രദേശ് സർക്കാരിന് സമർപ്പിച്ചു. തുടർനടപടികൾക്കായി റിപ്പോർട്ട് രാമജന്മഭൂമി തീർത്ഥ് ട്രസ്റ്റിനും കൈമാറിയിട്ടുണ്ട്.
ലഖ്നൗ ഡിവിഷണൽ കമ്മീഷണറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തിയത്. എസ്.ഐ.ടിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇതുവരെ എട്ട് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ നിയമനടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന.
അന്വേഷണത്തിൽ ഏകദേശം 200 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. രാമജന്മഭൂമി തീർത്ഥ് ട്രസ്റ്റിന്റെ മുൻ അംഗമായിരുന്ന അനിൽ മിശ്രയ്ക്ക് വിഷയത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായും അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
