ബാറ്ററി, ഹൈഡ്രജൻ ഇന്ധനം, പ്രകൃതിവാതകം എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാണിജ്യ വാഹനങ്ങളുടെ അനുവദനീയമായ പ്രായപരിധി അഞ്ച് വർഷം വരെ ഉയർത്താൻ കേന്ദ്ര സർക്കാർ നിർദേശം. ദേശീയ പെർമിറ്റ് നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെയും ഡിജിറ്റൽ സംവിധാനങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെയും ഭാഗമായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് നിർദേശം.
നിലവിലെ ചട്ടപ്രകാരം ദേശീയ പെർമിറ്റ് സംവിധാനത്തിന് കീഴിലുള്ള വാഹനങ്ങൾക്ക് 12, 15 വർഷങ്ങളാണ് അനുവദനീയമായ പരമാവധി പ്രായം. നിർദിഷ്ട ഭേദഗതി പ്രാബല്യത്തിൽ വന്നാൽ ബാറ്ററി, ഹൈഡ്രജൻ, പ്രകൃതിവാതകം എന്നിവ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഇത് യഥാക്രമം 17, 20 വർഷമായി ഉയരും. എന്നാൽ ഈ ഇളവ് എല്ലാ വാണിജ്യ വാഹനങ്ങൾക്കും ബാധകമാകില്ല.
വൃത്തിയുള്ള ഇന്ധനങ്ങളെ അടിസ്ഥാനമാക്കിയുള്ള വാണിജ്യ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ നീക്കം. ദേശീയ പെർമിറ്റ് ഉടമകൾക്ക് ഓരോ വർഷവും പുതുക്കുന്നതിന് പകരം അഞ്ച് വർഷം വരെ പെർമിറ്റ് കാലാവധി തിരഞ്ഞെടുക്കാനും നിർദേശമുണ്ട്. നിലവിലെ വാർഷിക ഫീസായ 16,500 രൂപ തുടരും. അഞ്ച് വർഷത്തേക്കുള്ള പെർമിറ്റിന് 82,500 രൂപയായിരിക്കും ഫീസ്.
പെർമിറ്റ് നടപടികളിലെ പേപ്പർവർക്കുകൾ കുറയ്ക്കുന്നതിനായി വാഹൻ ഡാറ്റാബേസ് കൂടുതൽ ഉപയോഗപ്പെടുത്താനും കരടിൽ നിർദേശിക്കുന്നു.
താൽക്കാലിക രജിസ്ട്രേഷനും ഇളവുകൾ
താൽക്കാലിക വാഹന രജിസ്ട്രേഷൻ ചട്ടങ്ങളിലും മാറ്റം വരുത്താൻ നിർദേശമുണ്ട്. ബോഡി ഘടിപ്പിക്കാത്ത ചേസിസിന് ഇഷ്യൂ ചെയ്ത തീയതി മുതൽ ആറ് മാസത്തേക്ക് താൽക്കാലിക രജിസ്ട്രേഷൻ അനുവദിക്കും. ബോഡി ഫിറ്റിംഗിനായി വാഹനം ആറ് മാസത്തിലധികം വർക്ക്ഷോപ്പിൽ തുടരേണ്ടിവരുകയോ ഉടമയുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങൾ ഉണ്ടാകുകയോ ചെയ്താൽ അപേക്ഷയുടെ അടിസ്ഥാനത്തിൽ 30 ദിവസം കൂടി കാലാവധി നീട്ടാം.
പൂർണമായി നിർമിച്ച വാഹനങ്ങൾ അഡാപ്റ്റഡ് വാഹനങ്ങളാക്കി മാറ്റുകയോ ഡീലർ സ്ഥിതിചെയ്യുന്ന സംസ്ഥാനത്തിന് പുറത്തുള്ള മറ്റൊരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുകയോ ചെയ്യുന്ന സാഹചര്യത്തിൽ താൽക്കാലിക രജിസ്ട്രേഷന് 45 ദിവസത്തെ കാലാവധിയും നിർദേശിച്ചിട്ടുണ്ട്.
വാഹന രജിസ്ട്രേഷൻ, പെർമിറ്റ് ഫോമുകളിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും കരടിലുണ്ട്. വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനകം പൊതുജനങ്ങൾക്കും ബന്ധപ്പെട്ടവർക്കും നിർദേശങ്ങളോ എതിർപ്പുകളോ സമർപ്പിക്കാമെന്ന് മന്ത്രാലയം അറിയിച്ചു.
