‘മിസ’ എന്ന നാടകം നാളെ പൊതുസമ്മേളനത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ അറിയിച്ചു. നാടകത്തിലെ ചില പ്രത്യേക ദൃശ്യങ്ങൾ മാത്രം എടുത്ത് ഡിവൈഎഫ്ഐക്കെതിരെ തെറ്റായ പ്രചാരണം നടത്തുകയാണെന്നും നേതാക്കൾ ആരോപിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമായ പീഡനം നേരിട്ട സ്നേഹലത റെഡ്ഡിയുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളും നാടകത്തിൽ അവതരിപ്പിക്കുന്നുണ്ട്. വർത്തമാന ഇന്ത്യയിലെ വിവിധ വിഷയങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള നാടകമാണിതെന്നും നേതാക്കൾ വ്യക്തമാക്കി.
നാടകത്തിനെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. സംഘടനയ്ക്കെതിരെ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
നാടകത്തിന്റെ ദൃശ്യങ്ങൾ ബോധപൂർവം എഡിറ്റ് ചെയ്ത് വക്രീകരിച്ചാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. ബിജെപി, കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലുണ്ടെന്നും മോശമായ പശ്ചാത്തല സംഗീതം ചേർത്ത് ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.
കോൺഗ്രസും ബിജെപിയും മുസ്ലിം ലീഗും ഒറ്റക്കെട്ടായി നിന്നാണ് നാടകത്തിനെതിരെ പ്രചാരണം നടത്തുന്നതെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. വിഷയത്തിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിനൊപ്പം രാഷ്ട്രീയമായും ഇതിനെ നേരിടുമെന്നും നേതാക്കൾ വ്യക്തമാക്കി.
