അരുണാചൽ പ്രദേശ് സ്വദേശിയും കോതമംഗലം എംഎ എൻജിനീയറിങ് കോളേജിലെ സിവിൽ എൻജിനീയറിങ് വിദ്യാർഥിയുമായ മിച്ചി മാർപു ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാർഥികളുടെ പ്രതിഷേധം ശക്തമാകുന്നു. ‘ഇയർ ബാക്ക്’ സംവിധാനത്തിൽ മനംനൊന്താണ് വിദ്യാർഥി ജീവനൊടുക്കിയതെന്നും കോളേജ് അധികൃതരുടെ സമ്മർദമാണ് മരണത്തിന് കാരണമെന്നും ആരോപിച്ചാണ് നൂറുകണക്കിന് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്.
സംഭവത്തിൽ മാനേജ്മെന്റ് അടിയന്തരമായി വിശദീകരണം നൽകണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. ഇത്രയും ഗുരുതരമായ സംഭവം ഉണ്ടായിട്ടും മാനേജ്മെന്റ് പ്രസ് മീറ്റ് നടത്താൻ പോലും തയ്യാറായില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു.
മരിച്ച വിദ്യാർഥിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുക, മരണത്തിൽ സമഗ്ര അന്വേഷണം നടത്തുക, ആരോപണവിധേയരായ എച്ച്.ആർ വിഭാഗം ഉദ്യോഗസ്ഥരെ അന്വേഷണം പൂർത്തിയാകുന്നതുവരെ ചുമതലയിൽനിന്ന് മാറ്റിനിർത്തുക തുടങ്ങിയ ആവശ്യങ്ങളും വിദ്യാർഥികൾ ഉന്നയിച്ചു.
മാധ്യമങ്ങളുടെയും വിദ്യാർഥികളുടെയും സാന്നിധ്യത്തിൽ മാനേജ്മെന്റ് പരസ്യ ചർച്ചയ്ക്ക് തയ്യാറാകണമെന്നും അശാസ്ത്രീയമായ ‘ഇയർ ബാക്ക്’ സംവിധാനവും അധിക ക്രെഡിറ്റ് സ്കോർ നിബന്ധനകളും ഒഴിവാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
