മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും തനിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകളും അടിസ്ഥാനരഹിതവും പച്ചക്കള്ളമാണെന്നും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വ്യാജവാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കഴിഞ്ഞ ദിവസം തന്നെ മാധ്യമങ്ങൾക്ക് വ്യക്തമായ വിശദീകരണം നൽകിയിരുന്നുവെന്ന് റിയാസ് പറഞ്ഞു. സി.എം.ആർ.എല്ലിൽ നിന്ന് വീണയ്ക്ക് ലഭിച്ച പണം തന്റെ അക്കൗണ്ട് വഴി മറ്റുള്ളവരുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയെന്ന തരത്തിലുള്ള വാർത്തകൾ തികച്ചും അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ.ഡി രണ്ടുതവണ ഫോണിൽ ബന്ധപ്പെട്ട് വിശദീകരണം തേടിയെന്ന തരത്തിൽ തന്റെ ചിത്രം ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച വാർത്ത വ്യാജമാണെന്നും അതിനെതിരെയാണ് നിയമനടപടിയിലേക്ക് നീങ്ങുന്നതെന്നും റിയാസ് വ്യക്തമാക്കി.
കേസിൽ അന്വേഷണം തുടരുന്നതിനാലും വിഷയം നിയമപരമായി നേരിടുന്നതിനാലും ദിവസേന പുറത്തുവരുന്ന അടിസ്ഥാനരഹിത വാർത്തകൾക്ക് മറുപടി നൽകാൻ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന പൂർണ ആത്മവിശ്വാസമുണ്ടെന്നും എല്ലാ കാര്യങ്ങളും നിയമപരമായി തന്നെ നേരിടുമെന്നും റിയാസ് കൂട്ടിച്ചേർത്തു.
ഇക്കാര്യത്തിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങളെക്കുറിച്ച് പാർട്ടിയും താനും നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
