പുതുപ്പള്ളിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ഐപിഎൽ മത്സരങ്ങൾക്കൊപ്പം രാജ്യാന്തര മത്സരങ്ങളും ഇവിടെ സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്നും പദ്ധതിക്ക് മൂന്നോ നാലോ വർഷം വേണ്ടിവരുമെന്നും കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
സ്റ്റേഡിയം നിർമ്മിക്കുന്നതിനായി അനുയോജ്യമായ ഭൂമി കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ പരിഗണിച്ച സ്ഥലങ്ങൾ അനുയോജ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പുതിയ സ്ഥലങ്ങൾ പരിശോധിച്ചുവരികയാണ്. അനുയോജ്യമായ ഭൂമി ലഭിച്ചാൽ ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. വിദേശ നിക്ഷേപം ഉൾപ്പെടെയുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തി പദ്ധതി യാഥാർഥ്യമാക്കാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
വെറുമൊരു ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിനപ്പുറം പുതുപ്പള്ളിയെ സമ്പൂർണ്ണ സ്പോർട്സ് സിറ്റിയായി വികസിപ്പിക്കുകയാണ് തന്റെ സ്വപ്നമെന്നും എംഎൽഎ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഭാരവാഹികളുമായി ഇതിനകം ചർച്ചകൾ നടത്തിയതായും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ഏപ്രിലിൽ മണർകാട് പള്ളി മൈതാനത്ത് ഐപിഎൽ ഫാൻ പാർക്ക് സംഘടിപ്പിക്കാൻ കഴിഞ്ഞത് പദ്ധതിയിലേക്കുള്ള ആദ്യ ചുവടുവയ്പായിരുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അഞ്ച് വർഷത്തിനുള്ളിൽ പുതുപ്പള്ളിയിൽ ഐപിഎൽ മത്സരം എത്തിക്കുമെന്ന പ്രഖ്യാപനത്തിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
