തമിഴ്നാട്ടിൽ ക്ഷേമപദ്ധതികളുടെ പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്; സൗജന്യ ഗ്യാസ് സിലിണ്ടറും ബസ് യാത്രയും

തമിഴ്നാട് നിയമസഭയിൽ തിങ്കളാഴ്ച നിരവധി ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്. പ്രതിവർഷം മൂന്ന് സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകുന്ന പദ്ധതിയും ട്രാൻസ്‌ജെൻഡർമാർക്ക് സൗജന്യ ബസ് യാത്രയും ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് അദ്ദേഹം നടത്തിയത്.

‘അന്നപൂർണി സൂപ്പർ സിക്സ്’ എന്ന പേരിലുള്ള സൗജന്യ ഗ്യാസ് സിലിണ്ടർ പദ്ധതി 2027ലെ സംക്രാന്തി മുതൽ നടപ്പാക്കും. വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക. ഏകദേശം 1.30 കോടി കുടുംബങ്ങൾ പദ്ധതിയുടെ പരിധിയിൽ വരും.

യോഗ്യരായ കുടുംബങ്ങൾ വാങ്ങുന്ന മൂന്ന് ഗ്യാസ് സിലിണ്ടറുകളുടെ തുക അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കും. പദ്ധതിക്കായി പ്രതിവർഷം ഏകദേശം 4,000 കോടി രൂപ ചെലവാകുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. ഗൾഫ് മേഖലയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് ഗ്യാസ് വില ഉയരാനുള്ള സാധ്യത കുടുംബങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യതയാകുമെന്നതും വിജയ് ചൂണ്ടിക്കാട്ടി.

സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയും സർക്കാർ വിപുലീകരിച്ചു. സാധാരണ ബസുകൾക്ക് പുറമെ എക്സ്പ്രസ്, എൽഎസ്എസ്, ഡീലക്സ് ബസുകളിലും ജില്ലാന്തര സർവീസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. ‘വെട്രി പയനം’ എന്ന പേരിലുള്ള പദ്ധതി ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ വരും. ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്രാ സൗകര്യം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

അതേസമയം, ചെന്നൈയ്ക്കടുത്തുള്ള പറന്തൂർ വിമാനത്താവള പദ്ധതിയോടുള്ള എതിർപ്പ് വിജയ് ആവർത്തിച്ചു. പദ്ധതിയുടെ ഭാഗമായി ബാധിക്കപ്പെടുന്ന കുടുംബങ്ങൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനത്താവളത്തിനായി സർക്കാർ ബദൽ സ്ഥലങ്ങൾ പരിഗണിക്കുന്നുണ്ടെന്നും ചില പ്രദേശങ്ങൾ ഇതിനകം കണ്ടെത്തിയിട്ടുണ്ടെന്നും വിജയ് പറഞ്ഞു.

നിലവിലെ ചെന്നൈ മീനമ്പാക്കം വിമാനത്താവളത്തിൽ പുതിയ ടെർമിനൽ–5 നിർമിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു.

മറുപടി രേഖപ്പെടുത്തുക