രാഷ്ട്രീയം വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതുവരെ തന്റെ പോരാട്ടം തുടരുമെന്നും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി. തിങ്കളാഴ്ച നടന്ന ഓൺലൈൻ പരിപാടിയിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് മമതയുടെ പ്രതികരണം.
സംസ്ഥാനത്ത് അധികാരമാറ്റം നടന്നിട്ട് നാല് മാസം പിന്നിടുന്നതിനിടെ തന്നെ ബിജെപിയുടെ യഥാർഥ സ്വഭാവം ജനങ്ങൾക്ക് മനസ്സിലായിക്കഴിഞ്ഞുവെന്ന് മമത പറഞ്ഞു. എൻആർസി നടപ്പാക്കുന്നതിനുള്ള മറയാക്കി കേന്ദ്രസർക്കാർ സെൻസസ് നടപടികളെ ഉപയോഗിക്കുകയാണെന്നും അവർ ആരോപിച്ചു. സെൻസസ് സംബന്ധിച്ച രേഖകളിൽ ഒപ്പിടുമ്പോൾ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മമത മുന്നറിയിപ്പ് നൽകി.
‘അന്നപൂർണ്ണ ഭണ്ഡാർ’ പദ്ധതിയിലൂടെ സാമ്പത്തിക സഹായം നൽകുന്നതിലെ കാലതാമസത്തെയും മമത വിമർശിച്ചു. അർഹതയില്ലെന്ന കാരണത്തിന്റെ പേരിൽ ഗുണഭോക്താക്കളുടെ എണ്ണം കുറയ്ക്കുന്നത് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ ലംഘനമാണെന്നും അവർ ആരോപിച്ചു.
ജാദവ്പൂർ സർവകലാശാലയിൽ എബിവിപിയും ഇടതുപക്ഷ വിദ്യാർഥി സംഘടനകളും തമ്മിൽ അടുത്തിടെ ഉണ്ടായ സംഘർഷങ്ങൾക്ക് പിന്നിൽ ബിജെപിയാണെന്നും മമത ആരോപിച്ചു. ക്യാമ്പസുകളിൽ അക്രമം പ്രോത്സാഹിപ്പിച്ച് വിദ്യാഭ്യാസ മേഖലയെ ദുർബലപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.
എസ്ഐആർ നടപടിയിലൂടെ അർഹരായ നിരവധി വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതായും മമത ആരോപിച്ചു. ആവശ്യമായിവന്നാൽ അർഹരായ വോട്ടർമാരുടെ പേരുകൾ പുനഃസ്ഥാപിക്കുന്നതിനായി വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി.
