നേപ്പാളിനെ നടുക്കിയ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി ഉയർന്നു. എട്ട് ജില്ലകളിൽ നിന്നായി മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. 403 വിനോദസഞ്ചാരികൾ ഉൾപ്പെടെ 844 പേരെയാണ് ഇപ്പോഴും കാണാതായിരിക്കുന്നത്. ഇവരിൽ 341 പേർ വിദേശ പൗരന്മാരും 142 പേർ ഇന്ത്യക്കാരുമാണ്.
ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ചിത്വാൻ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് 64 മൃതദേഹങ്ങളും നവൽപരാസി ഈസ്റ്റ് ജില്ലയിൽ നിന്ന് 26 മൃതദേഹങ്ങളും കണ്ടെത്തി. 28 പൊലീസ് ഉദ്യോഗസ്ഥരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.
സ്ഥിതിഗതികൾ വിലയിരുത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിക്കുകയും അടിയന്തര സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഉത്തർപ്രദേശിലും ബിഹാറിലും കേന്ദ്ര ജല കമ്മീഷൻ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതിനിടെ നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ സാധ്യതയുണ്ടെന്ന് ചൈന മുന്നറിയിപ്പ് നൽകി. ഭോട്ടെ കോഷി നദിയിൽ പെട്ടെന്ന് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വെള്ളപ്പാച്ചിൽ നുവാകോട്ട്, നാഡിങ് ജില്ലകളിലൂടെ വ്യാപക നാശം വിതച്ചു. നിരവധി വീടുകളും വാഹനങ്ങളും പാലങ്ങളും തകർന്നതോടൊപ്പം ചില ഗ്രാമങ്ങൾ പൂർണമായും ഒഴുകിപ്പോയതായും റിപ്പോർട്ടുണ്ട്.
ടിബറ്റിൽ ഉണ്ടായ 4.4 തീവ്രതയുള്ള ഭൂചലനത്തെ തുടർന്നുണ്ടായ വൻ ഹിമപാതവും മണ്ണിടിച്ചിലും നദിയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയതായും അതാണ് പ്രളയത്തിന് കാരണമായതെന്നുമാണ് പ്രാഥമിക നിഗമനം. വിനോദസഞ്ചാരികൾക്കൊപ്പം 33 സുരക്ഷാ ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ട്.
പത്തോളം ടൂറിസ്റ്റ്, ട്രാവൽ ഏജൻസികളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് നേപ്പാൾ ടൂറിസം ബോർഡ് പ്രാഥമിക കണക്ക് പുറത്തുവിട്ടത്. 291 വിദേശ വിനോദസഞ്ചാരികൾ നേപ്പാളിൽ ഉണ്ടായിരുന്നതായും ഇവരിൽ 105 പേർ ഇന്ത്യയിൽ നിന്നുള്ളവരാണെന്നും ബോർഡ് വ്യക്തമാക്കി. ഓസ്ട്രേലിയ, നെതർലൻഡ്സ്, അമേരിക്ക, മലേഷ്യ, യുകെ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും കാണാതായവരുടെ പട്ടികയിലുണ്ട്.
പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്നും തുടർ പരിശോധനകളോടെ കണക്കുകളിൽ മാറ്റമുണ്ടാകാമെന്നും നേപ്പാൾ ടൂറിസം ബോർഡ് അറിയിച്ചു. ദുരന്തവുമായി ബന്ധപ്പെട്ട അടിയന്തര സഹായങ്ങൾക്ക് 1234, 1144 എന്നീ ടോൾ ഫ്രീ നമ്പറുകളിലോ ടൂറിസ്റ്റ് പൊലീസിന്റെ 9851289445 എന്ന നമ്പരിലോ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.
