എച്ച്ഡിഎഫ്‌സി ബാങ്കിനെതിരെ അമേരിക്കയിൽ ക്ലാസ്-ആക്ഷൻ കേസ്; നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം

സ്വകാര്യ മേഖലയിലെ പ്രമുഖ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കിനെതിരെ അമേരിക്കയിൽ ഫെഡറൽ സെക്യൂരിറ്റീസ് ക്ലാസ്-ആക്ഷൻ കേസ്. സംസ്ഥാന സർക്കാർ ഏജൻസിക്ക് നൽകിയ അധിക പലിശ മാർക്കറ്റിംഗ് ചെലവുകളായി മറച്ചുവെച്ചുവെന്ന ആരോപണമാണ് കേസിന് ആധാരം. ന്യൂയോർക്കിലെ ഫെഡറൽ കോടതിയിലാണ് നിക്ഷേപകനായ ജ്വാലന്ത് നട്‌വർലാൽ സോനെജി പരാതി നൽകിയത്.

ബാങ്കിനൊപ്പം എച്ച്ഡിഎഫ്‌സി ബാങ്ക് സിഇഒ ശശിധർ ജഗദീഷൻ, സിഎഫ്ഒ ശ്രീനിവാസൻ വൈദ്യനാഥൻ എന്നിവരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. 2023 ജൂലൈ 17 മുതൽ 2026 മെയ് 26 വരെ ബാങ്കിന്റെ അമേരിക്കൻ ഡിപ്പോസിറ്ററി ഷെയറുകൾ (ADS) വാങ്ങിയ നിക്ഷേപകരുടെ പേരിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

പരാതി പ്രകാരം, മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷന് (MSRDC) സാധാരണ സേവിംഗ്സ് അക്കൗണ്ടുകളേക്കാൾ ഉയർന്ന 6.01 ശതമാനം പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്തു. ആർബിഐ മാനദണ്ഡങ്ങൾ മറികടക്കുന്നതിനായി ഈ അധിക തുക മാർക്കറ്റിംഗ് ചെലവുകളായി കണക്കാക്കി മറച്ചുവെച്ചുവെന്നാണ് ആരോപണം.

2023 മുതൽ 2025 വരെ ഏകദേശം 45 കോടി രൂപയുടെ അധിക തുക വിവിധ മാർഗങ്ങളിലൂടെ എംഎസ്ആർഡിസിക്ക് നൽകിയതായും, റോഡ് സുരക്ഷാ ബോധവത്കരണ പരിപാടികളുടെ സ്പോൺസർഷിപ്പായി ഈ പണം കണക്കാക്കിയതായും പരാതിയിൽ പറയുന്നു. ബാങ്കിന്റെ ആന്തരിക വിജിലൻസ് അന്വേഷണത്തിൽ ഇത് ആർബിഐ ചട്ടങ്ങൾക്കും ബാങ്കിന്റെ ആന്തരിക നയങ്ങൾക്കും വിരുദ്ധമാണെന്ന് കണ്ടെത്തിയതായും ആരോപണമുണ്ട്.

ഇതോടെ ബാങ്കിന്റെ സാമ്പത്തിക റിപ്പോർട്ടുകളും നിക്ഷേപകർക്ക് നൽകിയ വിവരങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നുവെന്നാണ് ഹർജിക്കാരുടെ വാദം. 2024, 2025 സാമ്പത്തിക വർഷങ്ങളിലെ വാർഷിക റിപ്പോർട്ടുകളിൽ ആന്തരിക നിയന്ത്രണ സംവിധാനങ്ങൾ ഫലപ്രദമാണെന്ന് ബാങ്ക് വ്യക്തമാക്കിയിരുന്നെങ്കിലും യാഥാർഥ്യത്തിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്.

2026 മാർച്ചിൽ എച്ച്ഡിഎഫ്‌സി ബാങ്ക് ചെയർമാൻ അതാനു ചക്രവർത്തിയുടെ അപ്രതീക്ഷിത രാജിയും വിവാദങ്ങൾക്ക് ആക്കം കൂട്ടി. ബാങ്കിനുള്ളിലെ ചില സംഭവങ്ങളും പ്രവർത്തന രീതികളും തന്റെ വ്യക്തിപരമായ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജിവെച്ചത്. ഇതിന് പിന്നാലെ ബാങ്കിന്റെ ഓഹരിവിലയിൽ ഇടിവുണ്ടായി.

തുടർന്ന് 2026 മെയ് 27-ന് പുറത്തുവന്ന അന്വേഷണ റിപ്പോർട്ടിൽ എംഎസ്ആർഡിസിയുമായി ബന്ധപ്പെട്ട പേയ്‌മെന്റുകൾക്ക് ഉന്നത ഉദ്യോഗസ്ഥർ വാക്കാൽ അനുമതി നൽകിയിരുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നതോടെ ഓഹരികൾ വീണ്ടും ഇടിഞ്ഞു.

അതേസമയം, കേസ് അടിസ്ഥാനരഹിതമാണെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് പ്രതികരിച്ചു. യുഎസിൽ ഓഹരി വില ഇടിയുന്ന സാഹചര്യങ്ങളിൽ ഇത്തരം കേസുകൾ സാധാരണമാണെന്നും, നിയമപരമായി ശക്തമായി പ്രതിരോധിക്കുമെന്നും ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക