മന്ത്രിസ്ഥാനം രാജിവെച്ചത് സ്വന്തം തീരുമാനപ്രകാരം; പദവികൾ എനിക്ക് നിർബന്ധമല്ല: ധർമേന്ദ്ര പ്രധാൻ

ഡൽഹിയിലെ വിദ്യാർത്ഥി സമരത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്ഥാനം രാജിവെച്ചതിനെക്കുറിച്ച് വിശദീകരണവുമായി മുൻ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ. രാജി പ്രഖ്യാപിച്ച് രണ്ട് ആഴ്ചകൾക്ക് ശേഷമാണ് അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചത്. വിദ്യാർത്ഥികളോട് വ്യക്തിപരമായ യാതൊരു വിരോധവുമില്ലെന്നും ചിലർ ജെൻസിയെ തെറ്റിദ്ധരിപ്പിച്ചിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മന്ത്രിസ്ഥാനം രാജിവെച്ചത് സ്വന്തം തീരുമാനപ്രകാരമാണെന്നും പദവികൾ തനിക്ക് നിർബന്ധമല്ലെന്നും ധർമ്മേന്ദ്ര പ്രധാൻ വ്യക്തമാക്കി. രാജിക്കാര്യം അറിയിക്കാൻ താനാണ് പ്രധാനമന്ത്രിയെ നേരിട്ട് സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

“രാജ്യത്ത് 15നും 25നും ഇടയിൽ പ്രായമുള്ള ഏകദേശം 20 കോടി യുവാക്കളുണ്ട്. അവർ ഏതെങ്കിലും വിഷയത്തിൽ ദൃഢനിശ്ചയം കൈക്കൊണ്ടാൽ, അവരുടെ തീരുമാനത്തിന് മുന്നിൽ എന്റെ ഉത്തരവാദിത്തം ഒന്നുമല്ല. ഈ യാഥാർഥ്യം പ്രധാനമന്ത്രിയോട് വിശദീകരിക്കാൻ ഞാൻ ശ്രമിച്ചു. തുടർന്ന് പ്രധാനമന്ത്രി യുവാക്കളുമായി നേരിട്ട് ആശയവിനിമയം നടത്തി. രാജ്യത്തിന്റെ താൽപ്പര്യമാണ് എല്ലാറ്റിനും മുകളിൽ,” അദ്ദേഹം പറഞ്ഞു.

ചരിത്രപരമായി സമൂഹമാറ്റങ്ങൾക്ക് നേതൃത്വം നൽകിയതും പോരാട്ടങ്ങളുടെ മുൻനിരയിൽ നിന്നതും യുവാക്കളാണെന്ന് ചൂണ്ടിക്കാട്ടിയ ധർമ്മേന്ദ്ര പ്രധാൻ, “അവർ അവരുടെ കാലഘട്ടത്തിലെ ജെൻസിയാണ്” എന്നും കൂട്ടിച്ചേർത്തു.

ഭുവനേശ്വറിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മറുപടി രേഖപ്പെടുത്തുക