സി.ജെ.പി വിദ്യാർഥി സമര റീലുകൾ അപ്രത്യക്ഷമാകുന്നു; രാഷ്ട്രീയ പ്രേരിത നടപടിയെന്ന് ആരോപണം

മുൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധന്റെ രാജി ആവശ്യപ്പെട്ട് സിജെപി സംഘടിപ്പിച്ച സമരത്തിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സമര ദിവസങ്ങളിൽ പ്രതിഷേധ വീഡിയോകൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഈ നടപടി ഉണ്ടായതെന്ന് ആരോപിച്ച് സിജെപി രംഗത്തെത്തി.

കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ലംഘിച്ചതാണ് റീലുകൾ നീക്കം ചെയ്യാൻ കാരണമെന്ന് മെറ്റ വിശദീകരിക്കുന്നുണ്ടെങ്കിലും, ദശലക്ഷക്കണക്കിന് ആളുകൾ കണ്ട വീഡിയോകൾ പിന്നീട് എങ്ങനെ മാനദണ്ഡങ്ങൾക്കു വിരുദ്ധമായി മാറിയെന്ന ചോദ്യമാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്. മുമ്പ് ഇല്ലാതിരുന്ന നിയന്ത്രണങ്ങൾ ഇപ്പോൾ നടപ്പാക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവും ശക്തമാണ്.

ഇൻസ്റ്റഗ്രാമിന് പുറമെ ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ നിന്നും സമര ദൃശ്യങ്ങൾ നീക്കം ചെയ്യപ്പെടുന്നതായി പരാതിയുണ്ട്. വിഷയത്തിൽ മെറ്റയുടെ നടപടിക്കെതിരെ ഔദ്യോഗിക പരാതി നൽകിയതായി സിജെപി നേതാക്കൾ അറിയിച്ചു.

സോഷ്യൽ മീഡിയയെ പ്രധാന പ്രചാരണ വേദിയാക്കി നടത്തിയ വിദ്യാർഥി സമരത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിച്ചിരുന്നു. ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിന്റെ റീലുകളും ഷോർട്ട് വീഡിയോകളും വ്യാപകമായി പ്രചരിച്ചതോടെയാണ് സമരത്തിന് ദേശീയ ശ്രദ്ധ ലഭിച്ചതെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.

മറുപടി രേഖപ്പെടുത്തുക