കണ്ണൂരിലെ പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ രാഷ്ട്രീയ വിശദീകരണ യോഗങ്ങളുമായി സിപിഐഎം രംഗത്ത്. ഓഗസ്റ്റ് 29, 30, 31 തീയതികളിലായി പയ്യന്നൂർ, പെരിങ്ങോത്ത്, തളിപ്പറമ്പ് മണ്ഡലത്തിലെ മയ്യിൽ എന്നിവിടങ്ങളിലാണ് പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നത്. യോഗങ്ങളിൽ മുതിർന്ന നേതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ പങ്കെടുക്കും.
സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും പയ്യന്നൂരിലെ വിഭാഗീയതയും തോൽവിക്ക് കാരണമായതായി സിപിഐഎം സംസ്ഥാന സെക്രട്ടറിയും കേന്ദ്ര-സംസ്ഥാന കമ്മിറ്റികളും നേരത്തെ വിലയിരുത്തിയിരുന്നു. എന്നാൽ സ്ഥാനാർഥി നിർണയം ജില്ലാ കമ്മിറ്റിയുടെ തീരുമാനമായിരുന്നുവെന്ന നേതൃത്വത്തിന്റെ വിശദീകരണം തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദനും പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണനും സംയുക്ത വാർത്താസമ്മേളനത്തിലൂടെ തള്ളിക്കളഞ്ഞത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.
തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ അന്വേഷിക്കാൻ സിപിഐഎം നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിലും ഗുരുതര കണ്ടെത്തലുകളുണ്ടെന്നാണ് സൂചന. എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ ചില പാർട്ടി നേതാക്കൾ തന്നെ പ്രവർത്തിച്ചുവെന്നും ഒത്തുകളി നടന്നതായും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
റിപ്പോർട്ട് ജില്ലാ കമ്മിറ്റി ഉടൻ പരിഗണിക്കും. അതിന് പിന്നാലെ പയ്യന്നൂരിൽ സംഘടനാപരമായ അഴിച്ചുപണിക്കും അച്ചടക്ക നടപടികൾക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഏരിയ കമ്മിറ്റി പിരിച്ചുവിടുന്നത് സംഘടനാ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, ഉത്തരവാദികളായ നേതാക്കൾക്ക് കർശന താക്കീത് നൽകുകയും ചിലരെ സംഘടനാ ചുമതലകളിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്യാനാണ് പാർട്ടി ആലോചിക്കുന്നത്.
അതേസമയം, ജില്ലയിലെ പ്രമുഖ നേതാക്കൾക്ക് പയ്യന്നൂരിൽ പ്രത്യേക ചുമതലകൾ നൽകി സംഘടനയെ പുനഃസംഘടിപ്പിക്കാനും പാർട്ടി നേതൃത്വം ശ്രമം തുടങ്ങി.
പിണറായി വിജയൻ പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങളിലൂടെ പാർട്ടിക്കുള്ളിലെ വിമർശനങ്ങൾക്ക് മറുപടി നൽകുകയും പ്രവർത്തകരെ ഒരുമിപ്പിക്കുകയും ചെയ്യുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യം. തിരഞ്ഞെടുപ്പിൽ ഉണ്ടായ വീഴ്ചകളും സംഘടനാപരമായ ദൗർബല്യങ്ങളും തുറന്ന് വിലയിരുത്തി പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നത്. യോഗങ്ങൾ പൂർത്തിയായതിന് ശേഷമായിരിക്കും അച്ചടക്ക നടപടികളുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ പ്രഖ്യാപിക്കുകയെന്നാണ് സൂചന.
