വിജയ്–രശ്മിക ചിത്രം ‘രണബലി’യുടെ റിലീസ് മാറ്റി

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പീരിയഡ് ആക്ഷൻ ഡ്രാമ രണബലി യുടെ റിലീസ് തീയതി മാറ്റി. സെപ്റ്റംബർ 11ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഇനി ഒക്ടോബർ 16ന് ലോകമെമ്പാടും തിയേറ്ററുകളിലെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സ് സമൂഹമാധ്യമങ്ങളിലൂടെയാണ് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചത്. “നമ്മുടെ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായം ഈ ഒക്ടോബറിൽ തുറക്കും” എന്ന കുറിപ്പോടെയാണ് പ്രഖ്യാപനം.

രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ‘രണബലി’ എന്ന കഥാപാത്രമായാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ജയമ്മയുടെ വേഷം രശ്മിക മന്ദാന അവതരിപ്പിക്കുന്നു. ഹോളിവുഡ് താരം ആർനോൾഡ് വോസ്ലുവാണ് ചിത്രത്തിലെ പ്രധാന പ്രതിനായകൻ ‘സർ തിയോഡോർ ഹെക്ടർ’ ആയി എത്തുന്നത്.

ബ്രിട്ടീഷ് ഭരണകാലത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം 19-ാം നൂറ്റാണ്ടിലെ സംഭവവികാസങ്ങളാണ് അവതരിപ്പിക്കുന്നത്. 1854 മുതൽ 1878 വരെയുള്ള കാലഘട്ടത്തിലെ യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കഥയാണ് ചിത്രത്തിന്റേതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ചരിത്രത്തിലെ അധികം ചർച്ച ചെയ്യപ്പെടാത്ത ചില അധ്യായങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

അതേസമയം, ‘രണബലി’ ഒരു ബയോപിക്കോ ചരിത്രസംഭവങ്ങളുടെ നേരിട്ടുള്ള പുനരാവിഷ്കരണമോ അല്ലെന്ന് സിനിമാ വൃത്തങ്ങൾ വ്യക്തമാക്കുന്നു. യഥാർത്ഥ സംഭവങ്ങൾ, വാമൊഴി ചരിത്രങ്ങൾ, അപൂർവ രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ആ കാലഘട്ടത്തെ സിനിമാറ്റിക് രീതിയിൽ പുനർസൃഷ്ടിച്ചിരിക്കുകയാണ്.

‘ഗീത ഗോവിന്ദം’, ‘ഡിയർ കോമ്രേഡ്’ എന്നീ ചിത്രങ്ങൾക്കുശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘രണബലി’. നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് മൈത്രി മൂവി മേക്കേഴ്‌സ് ബാനറിൽ നിർമ്മിക്കുന്ന ചിത്രം ടി-സീരീസാണ് അവതരിപ്പിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക