മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിനിടെ വിവാദം; വിസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് കമ്മീഷൻ

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിന്റെ അമേരിക്കൻ സന്ദർശനത്തിനിടെ പുതിയ വിവാദം. അദ്ദേഹത്തിന്റെ വിസ റദ്ദാക്കുകയും ആർഎസ്എസിനെതിരെ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) അമേരിക്കൻ സർക്കാരിനോട് ശുപാർശ ചെയ്തു.

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ആർഎസ്എസിനും അനുബന്ധ സംഘടനകൾക്കും എതിരെ ഗുരുതര ആശങ്കയുണ്ടെന്ന് കമ്മീഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. ക്രിസ്ത്യാനികൾ, മുസ്ലിംകൾ, സിഖുകാർ, ദലിതർ തുടങ്ങിയ വിഭാഗങ്ങൾക്കെതിരെ വിവേചനപരമായ പ്രവർത്തനങ്ങൾ നടക്കുന്നതായി കമ്മീഷൻ ആരോപിച്ചു.

ഇന്ത്യയിൽ മതസ്വാതന്ത്ര്യത്തിന്റെ സ്ഥിതി മോശമാകുകയാണെന്നും ന്യൂനപക്ഷ സമൂഹങ്ങൾ കൂടുതൽ സമ്മർദ്ദം നേരിടുകയാണെന്നും USCIRF ചെയർമാൻ ആസിഫ് മഹമൂദ് അഭിപ്രായപ്പെട്ടു. മതസ്വാതന്ത്ര്യ ലംഘനങ്ങളിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ആർഎസ്എസ് അംഗങ്ങൾക്കും ബന്ധപ്പെട്ട ഇന്ത്യൻ ഉദ്യോഗസ്ഥർക്കുമെതിരെ ലക്ഷ്യമിട്ടുള്ള ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗോസംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങൾ, മതപരിവർത്തന വിരുദ്ധ നിയമങ്ങൾ, ദേശീയ പൗരത്വ രജിസ്റ്റർ (NRC), പൗരത്വ ഭേദഗതി നിയമം (CAA) എന്നിവയും കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. വടക്കേ അമേരിക്കയിലെ ചില സിഖ് പ്രവർത്തകർക്കെതിരായ ആക്രമണശ്രമങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ യുഎസ് സന്ദർശനത്തിലുള്ള മോഹൻ ഭാഗവത്, ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാനിരിക്കെയാണ് USCIRFയുടെ ഈ ശുപാർശ പുറത്തുവന്നത്. വിഷയത്തിൽ അമേരിക്കൻ ഭരണകൂടം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

മറുപടി രേഖപ്പെടുത്തുക