സ്ത്രീകൾക്കെതിരായ കാന്തപുരത്തിന്റെ വിവാദ പരാമർശം; ആവര്‍ത്തിച്ച് ചോദിച്ചാലും അഭിപ്രായം പറയില്ലെന്ന് മന്ത്രി കെ എം ഷാജി

സ്ത്രീകൾക്കെതിരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട ചോദ്യത്തിൽ മാധ്യമങ്ങളോട് ക്ഷുഭിതനായി മന്ത്രി കെ.എം. ഷാജി. വിഷയത്തിൽ പ്രതികരിക്കില്ലെന്ന് വ്യക്തമാക്കിയ ഷാജി, ആവർത്തിച്ച് ചോദിച്ചാലും മറുപടി നൽകില്ലെന്നും പറഞ്ഞു.

“ഞാൻ അതിൽ കമന്റ് ചെയ്യുന്നില്ല. കേരളത്തിൽ വളരെ വ്യത്യസ്തമായ ധാരകളിലുള്ള മുസ്‌ലിം കമ്മ്യൂണിറ്റിക്കകത്ത് ഒരുപാട് ആളുകളുണ്ട്. അവരുമായി ബന്ധപ്പെട്ട് ചോദിച്ചാൽ മതി. ഞാൻ ഒരു കാര്യത്തിൽ കമന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞാൽ കമന്റ് ചെയ്യുന്നില്ല എന്ന് തന്നെയാണ്,” എന്നായിരുന്നു ഷാജിയുടെ പ്രതികരണം.

അതേസമയം, കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ അഭിപ്രായം പറയാതെ മന്ത്രി പി.സി. വിഷ്ണുനാഥും ഒഴിഞ്ഞുമാറി. സ്ത്രീകൾ സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും കടന്നുവരുന്ന കാലമാണിതെന്നും തുല്യതയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പരാമർശത്തിന്റെ ഉള്ളടക്കത്തിലേക്ക് കടന്ന് പ്രതികരിക്കാനില്ലെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.

ഇസ്ലാമിക ആഘോഷവേദികളിൽ സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്ന തരത്തിലുള്ള വിവാദ സർക്കുലർ പുറത്തുവന്നതിന് പിന്നാലെയാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ കൂടുതൽ കടുത്ത പരാമർശവുമായി രംഗത്തെത്തിയത്. സംഭവത്തിൽ കാന്തപുരത്തിന്റെ നിലപാടിനെതിരെ വിവിധ മേഖലകളിൽ നിന്ന് വിമർശനം ഉയർന്നിട്ടുണ്ട്. പരാമർശങ്ങളെ പൂർണമായും തള്ളിക്കൊണ്ട് വനിതാ-ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണയും രംഗത്തെത്തി.

മറുപടി രേഖപ്പെടുത്തുക