ദമ്മാം-ഡൽഹി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി; അഹമ്മദാബാദിൽ അടിയന്തര ലാൻഡിംഗ്

സൗദി അറേബ്യയിലെ ദമ്മാമിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. തിങ്കളാഴ്ച ഇന്ത്യൻ സമയം രാവിലെ 10.25ന് ദമ്മാമിൽ നിന്ന് പുറപ്പെട്ട വിമാനം വൈകിട്ട് 4.22നാണ് അഹമ്മദാബാദിൽ സുരക്ഷിതമായി ഇറക്കിയത്.

വിമാനത്തിന്റെ ടോയ്ലറ്റിൽ നിന്ന് “ബോംബ്” എന്ന് എഴുതിയ ടിഷ്യു പേപ്പർ ഒരു ക്രൂ അംഗം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ വിവരം അറിയിക്കുകയും മുൻകരുതൽ നടപടിയുടെ ഭാഗമായി വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിടാൻ അനുമതി തേടുകയും ചെയ്തു.

ലാൻഡിംഗിന് പിന്നാലെ വിമാനം വിമാനത്താവളത്തിലെ ഒറ്റപ്പെട്ട സുരക്ഷാ മേഖലയിലേക്ക് മാറ്റി. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയ ശേഷം വിമാനത്തിന്റെ ക്യാബിൻ, ബാഗേജ് വിഭാഗം ഉൾപ്പെടെ മുഴുവൻ ഭാഗങ്ങളിലും വിശദമായ പരിശോധന ആരംഭിച്ചു.

സിഐഎസ്എഫ്, ബോംബ് നിർവീര്യമാക്കൽ സംഘം എന്നിവരെ ഉൾപ്പെടെ വിവിധ സുരക്ഷാ ഏജൻസികൾ പരിശോധനയിൽ പങ്കെടുത്തു. പ്രാഥമിക പരിശോധനകളിൽ സംശയാസ്പദമായ വസ്തുക്കളോ സ്‌ഫോടകവസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. എന്നിരുന്നാലും ഭീഷണിയുടെ ഉറവിടവും വിശ്വാസ്യതയും കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.

സംഭവത്തിൽ യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമേ വിമാനത്തിന്റെ തുടർയാത്ര സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക