ഡിജിറ്റൽ ഇന്ത്യയിൽ നിക്ഷേപിക്കാം; ആഗോള കമ്പനികൾക്ക് മുന്നിൽ അവസരങ്ങൾ വിശദീകരിച്ച് മന്ത്രി നിർമ്മല സീതാരാമൻ

ഇന്ത്യയുടെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയിൽ ഡിജിറ്റൽ അടിസ്ഥാനസൗകര്യ മേഖലയിലെ നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്ത് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ന്യൂയോർക്കിൽ ടിൽമാൻ ഹോൾഡിംഗ്സ്, മാർഷ്, ബി.എൻ.വൈ മെലൺ തുടങ്ങിയ ആഗോള കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.

ടിൽമാൻ ഹോൾഡിംഗ്സ് ചെയർമാനും സിഇഒയുമായ സഞ്ജീവ് അഹൂജയുമായുള്ള കൂടിക്കാഴ്ചയിൽ ഡാറ്റാ സെന്ററുകൾ, ഉയർന്ന ശേഷിയുള്ള നെറ്റ്‌വർക്കുകൾ, വിശ്വസനീയമായ വൈദ്യുതി അടിസ്ഥാനസൗകര്യം എന്നിവയിലെ നിക്ഷേപ സാധ്യതകളാണ് പ്രധാനമായും ചർച്ച ചെയ്തത്. എഐ, ക്ലൗഡ് കംപ്യൂട്ടിങ്, ഡിജിറ്റൽ സേവനങ്ങൾ, എന്റർപ്രൈസ് ടെക്നോളജി തുടങ്ങിയ മേഖലകളുടെ വളർച്ച ഇന്ത്യയിൽ ഡിജിറ്റൽ അടിസ്ഥാനസൗകര്യത്തിന് വലിയ ആവശ്യകത സൃഷ്ടിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

മാർഷ് റീ സിഇഒ ഡീൻ ക്ലിസുര, കമ്പനിയുടെ തന്ത്രപരവും കോർപ്പറേറ്റ് വികസനത്തിന്റെയും തലവൻ ദേവാൻഷു ധ്യാനി എന്നിവരുമായും നിർമ്മല സീതാരാമൻ കൂടിക്കാഴ്ച നടത്തി. വലിയ ആഭ്യന്തര വിപണി, കഴിവുറ്റ മനുഷ്യവിഭവശേഷി, വികസിക്കുന്ന അടിസ്ഥാനസൗകര്യങ്ങൾ, ഡിജിറ്റൽ ശേഷി, പരിഷ്കരണാധിഷ്ഠിത ബിസിനസ് അന്തരീക്ഷം എന്നിവ ഇന്ത്യയെ ആഗോള നിക്ഷേപങ്ങൾക്ക് ആകർഷകമാക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.

ബി.എൻ.വൈ മെലൺ ഗ്രൂപ്പ് സി.ഒ.ഒ അലജാൻഡ്രോ പെരസുമായുള്ള ചർച്ചയിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയും ആഗോള ധനകാര്യ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന നിക്ഷേപ അവസരങ്ങളും പ്രധാന വിഷയമായി. 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ 7.8 ശതമാനം ജിഡിപി വളർച്ച ഇന്ത്യയുടെ ശക്തമായ ആഭ്യന്തര ഡിമാൻഡിനെയും സാമ്പത്തിക പ്രതിരോധശേഷിയെയും പ്രതിഫലിപ്പിക്കുന്നതായി മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാൻ താൽപര്യമുണ്ടെന്ന് ബി.എൻ.വൈ മെലൺ വ്യക്തമാക്കി. ഇന്ത്യയെ ഡെലിവറി സെന്ററിനപ്പുറം എഐ, സാങ്കേതികവിദ്യ, നൂതന കഴിവുകൾ എന്നിവയുടെ ആഗോള കേന്ദ്രമായി വികസിപ്പിക്കാനുള്ള സാധ്യതകളും കമ്പനി ചൂണ്ടിക്കാട്ടി.

ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, ഗ്ലോബൽ കപ്പാസിറ്റി സെന്ററുകൾ, GIFT സിറ്റി–IFSC എന്നിവയുമായി ബന്ധപ്പെട്ട നിക്ഷേപ സാധ്യതകളും ചർച്ചയായി. GIFT സിറ്റി–IFSC സന്ദർശിക്കാനും അവിടെയുള്ള സാമ്പത്തിക ഉൽപ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടാനും ബി.എൻ.വൈ മെലൺ സംഘത്തെ നിർമ്മല സീതാരാമൻ ക്ഷണിച്ചു.

മറുപടി രേഖപ്പെടുത്തുക