ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് രാജ്യത്തെ മുഴുവൻ അധ്യാപകർക്കും ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. വിദ്യാർഥികളെ നല്ല മനുഷ്യരായി വാർത്തെടുക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്കിനെയും രാഷ്ട്രപതി പ്രശംസിച്ചു. കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും അവരുടെ സ്വഭാവം രൂപപ്പെടുത്തുന്നതിനും അധ്യാപകരുടെ മാർഗനിർദേശം നിർണായകമാണെന്നും രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു.
“അധ്യാപക ദിനത്തിൽ രാജ്യത്തുടനീളമുള്ള എല്ലാ അധ്യാപകർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. എല്ലാ അധ്യാപകരുടെയും സംഭാവനകൾക്ക് ഞാൻ നന്ദി പറയുന്നു. രാജ്യത്തെ വലിയ ഉയരങ്ങളിലേക്ക് നയിക്കുന്ന പ്രബുദ്ധരായ തലമുറകളെ എല്ലാ അധ്യാപകരും വാർത്തെടുക്കട്ടെയെന്ന് ഞാൻ ആശംസിക്കുന്നു,” ദ്രൗപതി മുർമു പറഞ്ഞു.
സമർപ്പണബോധവും കരുതലുമുള്ള അധ്യാപകന് ഓരോ വിദ്യാർഥിയുടെയും തനതായ കഴിവുകൾ തിരിച്ചറിയാൻ കഴിയുമെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. വിദ്യാർഥികൾക്ക് പ്രചോദനമേകി അവരെ മികവിലേക്ക് നയിക്കുന്നതിലും അധ്യാപകർക്ക് പ്രധാന പങ്കുണ്ടെന്നും അവർ പറഞ്ഞു.
അധ്യാപകർ തങ്ങളുടെ അറിവ് നിരന്തരം പുതുക്കണമെന്നും സാങ്കേതികവിദ്യകൾ ഉൾക്കൊണ്ട് നൂതനമായ അധ്യാപന രീതികൾ സ്വീകരിക്കണമെന്നും രാഷ്ട്രപതി ഉപദേശിച്ചു. വിദ്യാർഥികൾക്കിടയിൽ സ്വതന്ത്ര ചിന്ത പ്രോത്സാഹിപ്പിക്കുന്നതിന്റെയും അന്വേഷണത്വര വളർത്തുന്നതിന്റെയും പ്രാധാന്യവും അവർ എടുത്തുപറഞ്ഞു.
മികച്ച ഗ്രന്ഥകാരനും ദാർശനികനുമായ മുൻ ഇന്ത്യൻ രാഷ്ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മവാർഷികമാണ് രാജ്യം അധ്യാപക ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയ്ക്കും തത്വശാസ്ത്രത്തിനും ഡോ. രാധാകൃഷ്ണൻ നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണെന്നും രാഷ്ട്രപതി പറഞ്ഞു.
സമൂഹത്തെ വാർത്തെടുക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്കിനെ അഭിനന്ദിച്ച രാഷ്ട്രപതി, വിദ്യാർഥികളിൽ ഉയർന്ന മൂല്യങ്ങളും ചിന്താശേഷിയും വളർത്തുന്നതിൽ അധ്യാപകരുടെ സേവനം അനിവാര്യമാണെന്നും കൂട്ടിച്ചേർത്തു. ഡോ. രാധാകൃഷ്ണനെ അസാധാരണനായ അധ്യാപകനെന്ന് വിശേഷിപ്പിച്ച രാഷ്ട്രപതി അദ്ദേഹത്തിന് സ്മരണാഞ്ജലികൾ അർപ്പിച്ചു.
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും ദാർശനികനും അധ്യാപകനുമായിരുന്നു ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ. 1888 സെപ്റ്റംബർ 5ന് തമിഴ്നാട്ടിലെ തിരുത്തണിയിലാണ് അദ്ദേഹം ജനിച്ചത്. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയായി 1952 മുതൽ 1962 വരെയും രണ്ടാമത്തെ രാഷ്ട്രപതിയായി 1962 മുതൽ 1967 വരെയും അദ്ദേഹം സേവനമനുഷ്ഠിച്ചു. സോവിയറ്റ് യൂണിയനിലെ ഇന്ത്യൻ അംബാസഡറായും പ്രവർത്തിച്ചിട്ടുണ്ട്.
1954ൽ രാജ്യം അദ്ദേഹത്തെ ഭാരതരത്നം നൽകി ആദരിച്ചു. 1975 ഏപ്രിൽ 17ന് അദ്ദേഹം അന്തരിച്ചു. ഭാരതീയ തത്ത്വചിന്തയ്ക്കും സംസ്കാരത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ അഗ്രഗണ്യമാണ്. ഇന്ത്യൻ ഫിലോസഫി, ദി ഹിന്ദു വ്യൂ ഓഫ് ലൈഫ് തുടങ്ങിയ ആഗോളതലത്തിൽ പ്രശസ്തമായ നിരവധി കൃതികളും ഉപനിഷത്തുകളുടെ വ്യാഖ്യാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
