കാന്തപുരം പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ച; അവതാരകയുടെ പരാതിയിൽ വിസ്ഡം നേതാവിനെതിരെ കേസ്

ബിഗ് ടിവി അവതാരക അപർണ കുറുപ്പിന്റെ പരാതിയിൽ വിസ്ഡം സ്റ്റുഡന്റ്സ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തു. എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയുടെ പേരിലാണ് നടപടി.

ചാനൽ ചർച്ചയുടെ വസ്തുതകൾ തെറ്റായി പ്രചരിപ്പിക്കുകയും അവതാരകയുടെ മാന്യതയ്ക്ക് കളങ്കം വരുത്തുന്ന രീതിയിൽ വിഡിയോകളും സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് എഫ്ഐആറിൽ പറയുന്നത്. പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും ദേഹോപദ്രവം ഏൽപ്പിക്കാനും ആഹ്വാനം ചെയ്തതിലൂടെ സമൂഹത്തിൽ ഭീതിയും അസ്വസ്ഥതയും സൃഷ്ടിക്കുകയും പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ചെയ്തതായും എഫ്ഐആറിൽ ആരോപിക്കുന്നു.

ബിഎൻഎസ് 192, 351(1), 353, 3(5) എന്നീ വകുപ്പുകൾക്കും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 67-ാം വകുപ്പിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ചാനൽ ചർച്ചയുടെ ഭാഗങ്ങൾ ബാസിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ചർച്ചയിൽ അവതാരക മുസ്ലിം വിരുദ്ധ നിലപാട് സ്വീകരിച്ചെന്നായിരുന്നു ബാസിലിന്റെ ആരോപണം. ഈ സമൂഹമാധ്യമ പോസ്റ്റിന് പിന്നാലെ തനിക്ക് വലിയ തോതിൽ സൈബർ ആക്രമണം നേരിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപർണ കുറുപ്പ് പൊലീസിൽ പരാതി നൽകിയത്.

മാപ്പ് പറഞ്ഞ ശേഷവും സൈബർ ആക്രമണവും വധഭീഷണിയും തുടരുകയായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക