കേരളം ഇരുട്ടിലേക്കോ? 600 മെഗാവാട്ട് കുറവുമായി വൈദ്യുതി മേഖല പ്രതിസന്ധിയിൽ

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ സെപ്റ്റംബർ മാസത്തിലും പവർകട്ട് ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടാകാമെന്ന സൂചന. പ്രത്യേകിച്ച് രാത്രികാലങ്ങളിലെ വൈദ്യുതി നിയന്ത്രണം കൂടുതൽ കർശനമാക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആവശ്യമായ വൈദ്യുതി ലഭ്യമാക്കാൻ കെഎസ്ഇബി ടെൻഡർ ക്ഷണിച്ചെങ്കിലും അനുകൂല പ്രതികരണം ലഭിച്ചിട്ടില്ല.

പവർ എക്സ്ചേഞ്ച് വഴി ഉയർന്ന വില നൽകാൻ തയ്യാറായിട്ടും ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യം നിലനിൽക്കുകയാണ്. രാജ്യത്തെ വിവിധ താപവൈദ്യുത നിലയങ്ങൾ ഉൽപാദനം കുറച്ചതും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് പ്രതിദിനം ഏകദേശം 600 മെഗാവാട്ടിന്റെ വൈദ്യുതി കുറവാണുള്ളത്.

യൂണിറ്റിന് 12 രൂപ വരെ നിരക്ക് ആവശ്യപ്പെടുന്ന സാഹചര്യത്തിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതും വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്. ലോഡ്‌ഷെഡ്ഡിങ് പരമാവധി ഒഴിവാക്കുന്നതിനായി ജലവൈദ്യുതി ഉൽപാദനം അഞ്ച് ദശലക്ഷം യൂണിറ്റോളം വർധിപ്പിച്ചിട്ടുണ്ടെങ്കിലും ഡാമുകളിലെ ജലനിരപ്പ് താഴുന്നത് പുതിയ ആശങ്കകൾ ഉയർത്തുന്നു. നിലവിലെ സാഹചര്യത്തിൽ ഈ മാസം മുഴുവൻ വൈദ്യുതി പ്രതിസന്ധി തുടരുമെന്നാണ് വിലയിരുത്തൽ.

അതേസമയം, സെപ്റ്റംബർ പകുതിയോടെ മറ്റ് സംസ്ഥാനങ്ങളുമായുള്ള സ്വാപ്പ് കരാർ അവസാനിക്കുന്നതോടെ കേരളത്തിന് ചെറിയ ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷ. വേനൽക്കാലത്ത് ലഭിച്ച വൈദ്യുതിക്ക് പകരമായി ജൂൺ മുതൽ സെപ്റ്റംബർ വരെ പ്രതിദിനം 350 മെഗാവാട്ട് വൈദ്യുതി കേരളം തിരിച്ചുനൽകേണ്ട ബാധ്യതയുണ്ടായിരുന്നു. കരാർ കാലാവധി അവസാനിക്കുന്നതോടെ ഈ അധിക ബാധ്യത ഒഴിവാകുകയും, വൈദ്യുതി ലഭ്യതയിൽ നേരിയ പുരോഗതി ഉണ്ടാകുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക