‘മാസപ്പടിക്കെതിരായ പോരാട്ടം വെറുതെയായില്ല’; പ്രതികരണവുമായി മാത്യു കുഴൽനാടൻ

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവുണ്ടായതിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. മൂന്ന് വർഷം മുൻപ് താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മാസപ്പടി ഇടപാടിൽ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെന്നും സംസ്ഥാന വിജിലൻസ് അന്വേഷണം നടത്താത്തപക്ഷം കേന്ദ്ര ഏജൻസിയായ സിബിഐ അന്വേഷണം ഏറ്റെടുക്കണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു. കേസിലെ യഥാർഥ പ്രതി പിണറായി വിജയനാണെന്ന് തുടക്കം മുതൽ താൻ പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

മാസപ്പടി ഇടപാടിനെതിരെ നടത്തിയ പോരാട്ടം ഒട്ടും എളുപ്പമായിരുന്നില്ലെന്നും വിഷയം നിയമസഭയിൽ ഉന്നയിച്ചപ്പോൾ ഉൾപ്പെടെ നിരവധി വിമർശനങ്ങൾ നേരിടേണ്ടിവന്നെന്നും കുഴൽനാടൻ പറഞ്ഞു. തന്റെ വഴി തെറ്റിപ്പോയെന്ന് വരെ പലരും പറഞ്ഞിരുന്നു. എന്നാൽ മൂന്ന് വർഷം മുൻപ് താൻ പറഞ്ഞ കാര്യങ്ങൾ ശരിയാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.

നിയമസഭയിൽ വിഷയം ആദ്യമായി ഉന്നയിച്ചപ്പോൾ താൻ പച്ചക്കള്ളം പറയുകയാണെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണമെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു. പിണറായി വിജയനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ പ്രതികാര നടപടിയായാണ് തനിക്കെതിരെ വിജിലൻസ് കേസ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പിന്നീട് കേസിൽ കാര്യമായ തുടർനടപടികളുണ്ടായില്ലെന്നും കുഴൽനാടൻ ആരോപിച്ചു.

കഴിഞ്ഞ പത്ത് വർഷം കേരളത്തിൽ അഴിമതിയുടെയും കൊള്ളയുടെയും കാലമായിരുന്നുവെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. കരിമണൽ ഇടപാടിലൂടെ പിണറായി വിജയനും കുടുംബവും വലിയ തോതിൽ പണം സമ്പാദിച്ചെന്നും അഴിമതിപ്പണത്തിന്റെ വലിയൊരു ഭാഗം വിദേശത്തേക്ക് കടത്തിയെന്നുമുള്ള ഗുരുതര ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു.

പിണറായി വിജയൻ അധികാരത്തിലിരുന്ന കാലത്ത് ഇത്തരം ഇടപാടുകൾക്ക് വഴിയൊരുക്കുകയും അഴിമതികൾക്ക് സംരക്ഷണം നൽകുകയും ചെയ്തുവെന്നും കുഴൽനാടൻ ആരോപിച്ചു. ഇതിന്റെ രാഷ്ട്രീയ തിരിച്ചടിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് നേരിടേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക