കാന്തപുരം പരാമർശത്തിലെ നിലപാടിൽ മാറ്റമില്ല; ഫേസ്ബുക്ക് വീഡിയോ നീക്കിയത് ക്രോസ് ഷെയർ ആയതിനാലെന്ന് സതീശൻ

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് താൻ സ്വീകരിച്ച നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്റെ നിലപാട് മാധ്യമങ്ങളെ വിളിച്ച് വ്യക്തമായി പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോ ഡിലീറ്റ് ചെയ്തെന്ന പ്രചാരണം തെറ്റാണെന്നും ക്രോസ് ഷെയർ ആയതിനാലാണ് വീഡിയോ നീക്കം ചെയ്തതെന്നും സതീശൻ വിശദീകരിച്ചു.

കാന്തപുരം എ.പി. വിഭാഗം നേതാക്കൾ തന്നെ കണ്ടത് അനുനയത്തിന്റെ ഭാഗമായല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്ന് മാസം മുൻപ് തന്നെ നിശ്ചയിച്ച കൂടിക്കാഴ്ചയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ തന്നെ വിമർശിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തിലും അതിലെ ഭാഷയിലും തനിക്ക് എതിർപ്പില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. വിഷയത്തിൽ പൊതുസമൂഹം എല്ലാം വിലയിരുത്തട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

“എല്ലാം വിലയിരുത്തുന്ന ഒരു സമൂഹം ഇവിടെയുണ്ട്. അതുകൊണ്ടാണല്ലോ ഞാൻ ഇവിടെ ഇരിക്കുന്നത്,” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അതേസമയം, ചിറയിൻകീഴ് കയ്യാങ്കളി വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും സതീശൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും കെപിസിസി അധ്യക്ഷൻ വിഷയത്തിൽ വിശദീകരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശുപാർശയിൽ നിയമപരമായ പരിശോധന നടത്തിയ ശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നും വി.ഡി. സതീശൻ പറഞ്ഞു. വിഷയത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടാകില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ പാർട്ടികൾ സംഭാവന സ്വീകരിക്കുന്നത് സ്വാഭാവികമാണെന്നും അതിന്റെ ഭാഗമായാണ് യുഡിഎഫ് നേതാക്കളുടെ പേരുകൾ ഡയറിയിൽ വന്നതെന്നും സതീശൻ പറഞ്ഞു. എന്നാൽ പിണറായി വിജയനുമായി ബന്ധപ്പെട്ട വിഷയത്തിൽ മാസപ്പടി ഡയറി മാത്രമല്ല, അതിനേക്കാൾ ഗൗരവമുള്ള കാര്യങ്ങൾ ഇ.ഡിയുടെ കത്തിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

വിഷയത്തിൽ നിയമപരമായ പരിശോധന നടത്തിയ ശേഷം മാത്രമേ തുടർനടപടികളിലേക്ക് കടക്കുകയുള്ളൂവെന്നും സതീശൻ വ്യക്തമാക്കി.

അതേസമയം, സിപിഐഎം നിലവിൽ പ്രതിസന്ധിയിലാണെന്നും പാർട്ടിയുടെ പ്രധാന ജോലി ന്യായീകരിക്കുകയാണെന്നുമുള്ള പരിഹാസവും വി.ഡി. സതീശൻ ഉയർത്തി.

മറുപടി രേഖപ്പെടുത്തുക