ട്രാഫിക് നിയമങ്ങൾ തുടർച്ചയായി ലംഘിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഗതാഗത നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുതിയ നെഗറ്റീവ് പോയിന്റ് സംവിധാനം നടപ്പാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
പൊതുപരിപാടിയിൽ സംസാരിക്കവെയാണ് ഗഡ്കരി ഇക്കാര്യം അറിയിച്ചത്. പുതിയ സംവിധാനത്തിൽ ഓരോ ഗതാഗത നിയമലംഘനത്തിനും ഡ്രൈവിംഗ് ലൈസൻസിലും വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റായ ആർസിയിലും നെഗറ്റീവ് പോയിന്റുകൾ രേഖപ്പെടുത്തുന്ന രീതിയാകും നടപ്പാക്കുക.
നിശ്ചിത പരിധിക്ക് മുകളിൽ നെഗറ്റീവ് പോയിന്റുകൾ ലഭിക്കുന്ന പക്ഷം ഡ്രൈവിംഗ് ലൈസൻസും വാഹനത്തിന്റെ ആർസിയും സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാൻ അധികൃതർക്ക് അധികാരം നൽകുന്ന തരത്തിലാണ് സംവിധാനം ആലോചിക്കുന്നത്.
ഡ്രൈവിംഗ് ലൈസൻസിലും വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലും ഗ്രേഡഡ് പോയിന്റ് സംവിധാനം കൊണ്ടുവരാനാണ് മന്ത്രാലയത്തിന്റെ നീക്കം. ഓരോ നിയമലംഘനത്തിനും പോയിന്റുകൾ കുറയുകയും നിശ്ചിത പരിധി കടന്നാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുന്ന തരത്തിലായിരിക്കും പുതിയ സംവിധാനം.
