സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിക്കും വ്യാപക പ്രതിഷേധങ്ങൾക്കും ഇടയിൽ ഉപഭോക്താക്കൾക്ക് ആശ്വാസകരമായ പുതിയ സംവിധാനവുമായി കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിന് മുമ്പ് ഉപഭോക്താക്കളുടെ മൊബൈൽ ഫോണിലേക്ക് എസ്എംഎസ് സന്ദേശം അയച്ച് വിവരം അറിയിക്കുന്ന സംവിധാനം ആരംഭിച്ചതായാണ് വിവരം.
കൺസ്യൂമർ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കാണ് സന്ദേശം ലഭിക്കുക. വൈദ്യുതി നിയന്ത്രണം ഏത് സമയത്തായിരിക്കുമെന്ന വിവരവും സന്ദേശത്തിൽ ഉൾപ്പെടുത്തും. കെഎസ്ഇബിയുടെ ആഭ്യന്തര സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് പുതിയ സേവനം ഒരുക്കിയിരിക്കുന്നത്.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലാണ് പദ്ധതി നടപ്പാക്കുന്നത്. തുടർന്ന് അടുത്ത ദിവസങ്ങളിലായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും സംവിധാനം വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കൾക്ക് മുൻകൂട്ടി അറിയിപ്പ് നൽകണമെന്ന നിർദേശവും ഇതിനകം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, സംസ്ഥാനത്ത് മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളിൽ വൈദ്യുതി മുടങ്ങുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പല പ്രദേശങ്ങളിലും ജനജീവിതം താളം തെറ്റുന്നതായി പരാതിയുണ്ട്. കൊല്ലത്ത് കെഎസ്ഇബി ഓഫീസിന് മുന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കാൻഡിൽ ലൈറ്റ് ഡിന്നർ സംഘടിപ്പിച്ച് പ്രതിഷേധവും നടത്തി.
ഇതിനിടെ, സെപ്റ്റംബർ 15നകം വൈദ്യുതി പ്രതിസന്ധി പരിഹരിക്കുമെന്ന സർക്കാർ പ്രതീക്ഷയ്ക്ക് വിരുദ്ധമായ നിലപാടാണ് കെഎസ്ഇബി സ്വീകരിച്ചിരിക്കുന്നത്. ഈ മാസം മുഴുവൻ വൈദ്യുതി ക്ഷാമം തുടരാനാണ് സാധ്യതയെന്നും പീക്ക് സമയങ്ങളിൽ ഏകദേശം 1,000 മെഗാവാട്ടിന്റെ കുറവാണ് സംസ്ഥാനത്ത് നേരിടുന്നതെന്നും ബോർഡ് വ്യക്തമാക്കി.
മറ്റ് സംസ്ഥാനങ്ങളിലെ വൈദ്യുതി ലഭ്യതയും കാലാവസ്ഥാ സാഹചര്യങ്ങളും അനുകൂലമായാൽ മാത്രമേ പ്രതിസന്ധിക്ക് വേഗത്തിൽ പരിഹാരം കാണാനാകൂവെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.
