കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കെ.പി.സി.സി ഭാരവാഹി യോഗത്തിലും കടുത്ത ഭിന്നത. പദ്ധതിയിൽ നിന്ന് പൂർണമായും പിന്മാറണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന നിലപാടിൽ മുഖ്യമന്ത്രി ഉറച്ചുനിന്നു. പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് കെ.പി.സി.സി ഭാരവാഹി യോഗത്തിലും പി.എം. ശ്രീ വിഷയം ചൂടേറിയ ചർച്ചയായത്.
മുൻ എൽ.ഡി.എഫ് സർക്കാർ പി.എം. ശ്രീ പദ്ധതിക്കായി കേന്ദ്ര സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടതാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വലിയ വിജയം നേടാൻ കാരണമായതെന്ന് ചില നേതാക്കൾ ചൂണ്ടിക്കാട്ടി. അതിനാൽ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കരുതെന്നും അവർ ആവശ്യപ്പെട്ടു.
പി.എം. നിയാസ്, ദീപ്തി മേരി വർഗീസ്, മാത്യു കുഴൽനാടൻ, എ.എ. ഷുക്കൂർ തുടങ്ങിയ നേതാക്കളാണ് യോഗത്തിൽ പദ്ധതിക്കെതിരെ നിലപാടെടുത്തത്. എന്നാൽ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് പി.എം. ശ്രീ വിഷയം മാത്രമല്ല കാരണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി.
മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകളും പി.എം. ശ്രീ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പദ്ധതിയിൽ നിന്ന് ഇനി പിന്മാറാനാകില്ലെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു.
അതേസമയം, സംസ്ഥാനത്തെ സ്കൂളുകളുടെ പാഠ്യപദ്ധതി, അക്കാദമിക് ഘടന തുടങ്ങിയ കാര്യങ്ങളിൽ അന്തിമ തീരുമാനം സംസ്ഥാന സർക്കാരിനുതന്നെയായിരിക്കുമെന്ന് ഉറപ്പാക്കുന്ന തരത്തിൽ കേന്ദ്ര സർക്കാരിന് മുന്നിൽ കർശന ഉപാധികൾ വയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യു.ഡി.എഫ് ഘടകകക്ഷിയായ മുസ്ലിം ലീഗും പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതിനെതിരെ നേരത്തെ തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതോടെ പദ്ധതിയെച്ചൊല്ലിയുള്ള മുന്നണിയിലെ ഭിന്നത കൂടുതൽ ശക്തമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
