വി.ഡി. സതീശൻ ആദ്യം വിളിക്കുന്നത് രാജീവ് ചന്ദ്രശേഖറെയെന്ന് ജോൺ ബ്രിട്ടാസ്

യുഡിഎഫ് സർക്കാരിനെയും മുഖ്യമന്ത്രി വി.ഡി. സതീശനെയും രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവും രാജ്യസഭാംഗവുമായ ഡോ. ജോൺ ബ്രിട്ടാസ് എം.പി. കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൽഡിഎഫ് കൺവെൻഷനിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

ആർഎസ്എസിനെതിരെ ഒരക്ഷരം പോലും സംസാരിക്കാൻ യുഡിഎഫ് സർക്കാർ തയ്യാറാകുന്നില്ലെന്നും ഏതെങ്കിലും രാഷ്ട്രീയ പ്രശ്നം ഉണ്ടായാൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ആദ്യം ബന്ധപ്പെടുന്നത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെയാണെന്നും ജോൺ ബ്രിട്ടാസ് ആരോപിച്ചു. യുഡിഎഫ് പ്രതിപക്ഷ കാലത്ത് നൽകിയ പല വാഗ്ദാനങ്ങളും അധികാരത്തിലെത്തിയ ശേഷം മറന്നുവെന്നും അദ്ദേഹം പറഞ്ഞു.

കുറ്റിച്ചിറ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ടി.ടി. ജംഷീനയ്ക്ക് പിന്തുണ തേടിയായിരുന്നു ബ്രിട്ടാസിന്റെ പ്രസംഗം. ജംഷീന വിജയിച്ചാൽ ഭരണകക്ഷിയുടെ കൗൺസിലറെന്ന നിലയിൽ പ്രദേശത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാലം ഉൾപ്പെടെ കഴിഞ്ഞ ആറുവർഷമായി ആശാ വർക്കറായി ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച ജംഷീന പ്രദേശവാസികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോടിന്റെയും കേരളത്തിന്റെയും രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കമിടുന്നതാണ് ഈ തെരഞ്ഞെടുപ്പെന്നും ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെയും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം മറന്നുപോയ പവർകട്ടും ലോഡ് ഷെഡ്ഡിംഗും നിലവിലെ യുഡിഎഫ് ഭരണകാലത്താണ് തിരിച്ചുവന്നതെന്ന് അദ്ദേഹം ആരോപിച്ചു.

വൈദ്യുതി പ്രതിസന്ധിക്ക് അസാധാരണ സാഹചര്യങ്ങളും മഴക്കുറവും കാരണമായി സർക്കാർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും അതിനേക്കാൾ ഗുരുതരമായ സാഹചര്യങ്ങൾ നേരിട്ട കാലത്തുപോലും സംസ്ഥാനത്ത് പവർകട്ട് ഏർപ്പെടുത്തേണ്ടിവന്നിരുന്നില്ലെന്ന് ബ്രിട്ടാസ് പറഞ്ഞു. 2023-ൽ 33 ശതമാനം മഴക്കുറവും 463 മെഗാവാട്ട് വൈദ്യുതി വിതരണത്തിലെ തടസ്സവും ഉണ്ടായിട്ടും അന്നത്തെ സർക്കാർ പ്രതിസന്ധി കൈകാര്യം ചെയ്തിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

പിഎം-ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടും സർക്കാരിനെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചു. ഒരുകാലത്ത് ശക്തമായി എതിർത്ത പദ്ധതിയെ ഇപ്പോൾ സർക്കാർ പിന്തുണയ്ക്കുന്നുവെന്നും നിലപാടുകളിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ ആത്മാഭിമാനം പണയംവച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും ബ്രിട്ടാസ് ആരോപിച്ചു.

കോൺഗ്രസും ബിജെപിയും ഭരിക്കുന്ന പല സംസ്ഥാനങ്ങളിലുമുള്ള ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാൻ എൽഡിഎഫിനെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക