അഫ്ഗാനിസ്ഥാനിലെ ബാമിയാൻ പ്രവിശ്യയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനിടെ താലിബാൻ പ്രാദേശിക അംഗങ്ങളുടെ പിടിയിലായ ട്രാവൽ വ്ലോഗർ അരുണിമ മണിക്കൂറുകൾ നീണ്ട ഭീതിക്കൊടുവിൽ സുരക്ഷിതയായി മോചിതയായി. പെർമിറ്റില്ലാതെ ഒറ്റയ്ക്ക് വിവിധ പ്രവിശ്യകളിലൂടെ യാത്ര ചെയ്യുന്നത് താലിബാൻ നിയമപ്രകാരം ഗുരുതരമായ കുറ്റമായി കണക്കാക്കുന്നതാണ് അരുണിമയ്ക്ക് തിരിച്ചടിയായത്.
കഴിഞ്ഞ 27 ദിവസമായി താൻ ഒറ്റയ്ക്കാണ് അഫ്ഗാനിസ്ഥാനിൽ യാത്ര ചെയ്യുന്നതെന്ന് അധികൃതർ മനസ്സിലാക്കിയതോടെയാണ് അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയത്. ലോറിയിൽ ലിഫ്റ്റ് ചോദിച്ച് ഇരുട്ടോടെ ബാമിയാനിലെത്തിയ അരുണിമയോട് ആദ്യം വിസയും പാസ്പോർട്ടും ആവശ്യപ്പെട്ടു. ഇംഗ്ലീഷ് അറിയാവുന്ന ഒരാൾ പിന്നീട് കാറിൽ കയറ്റി താമസസ്ഥലത്ത് എത്തിച്ചു.
ഫോൺ ചാർജ് ചെയ്യുന്നതിനായി ഹാളിലെത്തിയപ്പോഴാണ് ഗൂഗിൾ ട്രാൻസ്ലേറ്ററുമായി എത്തിയവർ പെർമിറ്റ് ആവശ്യപ്പെട്ടത്. ജലാലബാദിൽ നിന്ന് പെർമിറ്റ് നേടാൻ ശ്രമിച്ചിരുന്നെങ്കിലും പുരുഷനോ ഗൈഡോ ഒപ്പമില്ലാതെ പെർമിറ്റ് നൽകാനാകില്ലെന്ന മറുപടിയാണ് ലഭിച്ചിരുന്നതെന്ന് അരുണിമ പറയുന്നു.
നേരത്തെ ചെക്ക് പോസ്റ്റുകളിൽ ജർമ്മൻ സുഹൃത്ത് ഒപ്പമുണ്ടെന്ന് പറഞ്ഞ് രക്ഷപ്പെട്ടിരുന്നെങ്കിലും രാത്രിയായതിനാൽ ബാമിയാനിൽ ആ തന്ത്രം പ്രയോഗിക്കാൻ സാധിച്ചില്ല. വിസ പരിശോധിച്ചതോടെ കഴിഞ്ഞ മാസം 27 മുതൽ താൻ ഒറ്റയ്ക്കാണ് രാജ്യത്ത് സഞ്ചരിക്കുന്നതെന്ന് താലിബാൻ അംഗങ്ങൾക്ക് വ്യക്തമായി. ഇതോടെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് അവർ നീങ്ങിയതായാണ് അരുണിമയുടെ വെളിപ്പെടുത്തൽ.
പരിഭ്രാന്തിയിലായ അരുണിമ ഉടൻ തന്നെ തന്നെ ബാമിയാനിലെത്തിച്ചയാളെയും ബോയ്ഫ്രണ്ടിനെയും വിവരമറിയിച്ചു. പിന്നാലെ സ്ഥലത്തെത്തിയ പരിചയക്കാരൻ ഇംഗ്ലീഷിൽ താലിബാൻ അംഗങ്ങളുമായി ചർച്ച നടത്തിയെങ്കിലും ആദ്യം അവർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. പെർമിറ്റും ഗൈഡും വേണമെന്നും പിഴ അടയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഒടുവിൽ ഉസ്ബെക്കിസ്ഥാൻ അതിർത്തിയിലേക്ക് പോകുകയാണെന്ന് ബോധ്യപ്പെടുത്തിയതോടെയാണ് വിഷയത്തിൽ ഒത്തുതീർപ്പുണ്ടായത്. തുടർന്ന് അരുണിമയെ വിട്ടയക്കുകയായിരുന്നു.
“ഓരോ മനുഷ്യനും ഇവിടെ പൊലീസിനെപ്പോലെയാണ് പെരുമാറുന്നത്. താലിബാൻ മാനസികാവസ്ഥ ഭയപ്പെടുത്തുന്നതാണ്. കാൽ പിടിച്ചാണ് അറസ്റ്റ് ഒഴിവാക്കിയത്,” അരുണിമ കുറിച്ചു. ആൺ സുഹൃത്തുക്കൾക്കൊപ്പമോ ഗൈഡുള്ള പെൺ സുഹൃത്തുക്കൾക്കൊപ്പമോ യാത്ര ചെയ്തവർക്ക് സമാനമായ പ്രശ്നങ്ങൾ നേരിടേണ്ടിവന്നിട്ടില്ലെന്നും, താൻ ഒറ്റയ്ക്കായതാണ് പ്രശ്നമായതെന്നും അവർ വ്യക്തമാക്കി.
എന്തോ സംഭവിക്കാൻ പോകുന്നുവെന്ന ഭയത്തെ തുടർന്നാണ് അന്ന് രാത്രി ഇൻസ്റ്റഗ്രാമിൽ സഹായം അഭ്യർഥിച്ച് സ്റ്റോറി പങ്കുവെച്ചതെന്നും അരുണിമ പറഞ്ഞു. സംഭവത്തിന് ശേഷവും ശരീരം വിറയ്ക്കുന്ന അവസ്ഥയിലാണെന്നും ആരുടെയും സന്ദേശങ്ങൾക്ക് മറുപടി നൽകാൻ പോലും കഴിയുന്നില്ലെന്നും അവർ വ്യക്തമാക്കി.
ഉസ്ബെക്കിസ്ഥാൻ അതിർത്തിയിലേക്ക് ഇനിയും ഏകദേശം 500 കിലോമീറ്റർ സഞ്ചരിക്കാനുണ്ടെന്നും അരുണിമയുടെ കുറിപ്പിൽ പറയുന്നു. വഴിയിലുള്ള ചെക്ക് പോസ്റ്റുകളിൽ വീണ്ടും കള്ളം പറയേണ്ടിവരുമോ എന്ന ആശങ്കയും അവർ പങ്കുവെച്ചു.
കടുത്ത മാനസിക ആഘാതവും ഭയവും നിലനിൽക്കുന്നുണ്ടെങ്കിലും യാത്ര തുടരാനാണ് തീരുമാനമെന്നും അരുണിമ വ്യക്തമാക്കി. പ്രതിസന്ധി ഘട്ടത്തിൽ പിന്തുണച്ച എല്ലാവർക്കും നന്ദിയും അവർ അറിയിച്ചു.
