വിഴിഞ്ഞം റോഡ് കണക്ടിവിറ്റി വൈകിപ്പിച്ചതെന്ന ആരോപണം വസ്തുതാവിരുദ്ധം; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ റോഡ് കണക്ടിവിറ്റി എൽഡിഎഫ് സർക്കാർ വൈകിപ്പിച്ചെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആരോപണം വസ്തുതാവിരുദ്ധവും അപഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് സ്വന്തമാക്കാനുള്ള രാഷ്ട്രീയ ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം പ്രസ്താവനകളെന്നും അദ്ദേഹം ആരോപിച്ചു.

കൊമേഴ്സ്യൽ ഓപ്പറേഷൻ ആരംഭിച്ച വിഴിഞ്ഞം തുറമുഖത്തിന്റെ മുഴുവൻ നിർമാണപ്രവർത്തനങ്ങളും എൽഡിഎഫ് ഭരണകാലത്താണ് പൂർത്തിയായതെന്ന് പിണറായി ചൂണ്ടിക്കാട്ടി. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി രണ്ടര മാസം മാത്രം പിന്നിടുമ്പോൾ പദ്ധതിയുടെ നിർണായക ഘട്ടങ്ങൾ പൂർത്തിയാക്കിയെന്ന അവകാശവാദം യാഥാർഥ്യത്തിന് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

2022-ൽ വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ നടന്ന സമരത്തിന് യുഡിഎഫ് പൂർണ പിന്തുണ നൽകിയിരുന്നുവെന്ന് പിണറായി ഓർമ്മിപ്പിച്ചു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന നിലവിലെ മുഖ്യമന്ത്രി സമരവേദിയിലെത്തി തുറമുഖ നിർമാണം അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖ നിർമാണം യാതൊരു സമ്മർദ്ദങ്ങൾക്കും വഴങ്ങാതെ മുന്നോട്ടുകൊണ്ടുപോയത് എൽഡിഎഫ് സർക്കാരാണെന്നും പിണറായി വ്യക്തമാക്കി.

പോർട്ടിനെ ദേശീയപാത 66-നോട് ബന്ധിപ്പിക്കുന്ന റോഡ് പദ്ധതിയുടെ ആസൂത്രണം, ഭൂമി ഏറ്റെടുക്കൽ, നിയമനടപടികൾ, സർക്കാർ അനുമതികൾ തുടങ്ങിയവ എൽഡിഎഫ് സർക്കാർ അതിവേഗം മുന്നോട്ടുകൊണ്ടുപോയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 2022 ഏപ്രിലിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് വിജ്ഞാപനം പുറത്തിറക്കുകയും 2024 ഫെബ്രുവരിയിൽ തുടർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റോഡ് കണക്ടിവിറ്റിക്കായി ആവശ്യമായ ഭൂമിയുടെ ഭൂരിഭാഗവും എൽഡിഎഫ് സർക്കാർ ഏറ്റെടുത്തിരുന്നുവെന്നും ശേഷിച്ച ഭൂമി ഏറ്റെടുക്കലിലും സ്ഥിരം ക്ലോവർലീഫ് ഇന്റർചേഞ്ച് ഉൾപ്പെടെയുള്ള അനുമതികളിലും ദേശീയപാത അതോറിറ്റിയും കേന്ദ്രസർക്കാരും കാലതാമസം വരുത്തിയതായും പിണറായി ആരോപിച്ചു. ഇതുസംബന്ധിച്ച് ശശി തരൂർ എം.പി. ലോക്സഭയിൽ വിഷയം ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയുടെ ഓരോ ഘട്ടത്തിലും എൽഡിഎഫ് സർക്കാർ നടത്തിയ ഇടപെടലുകൾ രേഖകളിൽ വ്യക്തമായി നിലനിൽക്കുന്നുണ്ടെന്നും പദ്ധതിയുടെ നേട്ടങ്ങൾ രാഷ്ട്രീയമായി ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ കേരള ജനത തള്ളിക്കളയുമെന്നും പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രസ്താവനകൾക്ക് പൊതുജനങ്ങളും മാധ്യമങ്ങളും ഫാക്ട് ചെക്ക് നടത്തുന്നത് സ്വാഗതാർഹമാണെന്നും പിണറായി പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട മുൻ നിലപാടുകളും മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളും സംബന്ധിച്ച് പുറത്തുവന്ന ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, മുഖ്യമന്ത്രി വസ്തുതാപരമല്ലാത്ത പരാമർശങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക