എറണാകുളം പൈങ്ങോട്ടൂരിൽ നിർമാണത്തിലിരിക്കുന്ന മാത്യു കുഴൽനാടൻ എം.എൽ.എയുടെ വീട്ടിൽ മോഷണം. മെയിൻ ബോർഡിലേക്ക് കണക്റ്റ് ചെയ്തിരുന്ന ഏകദേശം 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷ്ടാക്കൾ കവർന്നത്. സെപ്റ്റംബർ 13ന് വൈകിട്ട് 6.30ഓടെയാണ് മോഷണം നടന്നതെന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്.
വീടിന്റെ മേൽനോട്ടക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോത്താനിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിർമാണം പുരോഗമിക്കുന്ന വീടായതിനാൽ മെയിൻ ബോർഡിൽ കണക്റ്റ് ചെയ്തിരുന്ന വയറുകളാണ് മോഷ്ടാക്കൾ അഴിച്ചെടുത്ത് കൊണ്ടുപോയത്.
പ്രദേശത്ത് നേരത്തെയും സമാന രീതിയിൽ നിർമാണ സാമഗ്രികൾ മോഷണം പോയിട്ടുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ മോഷണത്തിന് പിന്നിൽ പ്രത്യേക സംഘമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
