വിവാദങ്ങൾക്കൊടുവിൽ താൻ ഉപയോഗിച്ചിരുന്ന റേഞ്ച് റോവർ വാഹനം ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച് മന്ത്രി കെ.എം. ഷാജി. KL 78 A 0009 രജിസ്ട്രേഷനിലുള്ള റേഞ്ച് റോവറാണ് തില്ലങ്കേരി സ്വദേശിയായ യാക്കൂബിന് തിരികെ കൈമാറിയത്. നിലവിൽ വാഹനം യാക്കൂബിന്റെ തില്ലങ്കേരിയിലെ വസതിയിലാണുള്ളത്. രണ്ട് ദിവസം മുമ്പാണ് വാഹനം അവിടെ എത്തിച്ചതെന്നാണ് വിവരം.
വാഹനം തിരിച്ചേൽപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിച്ച യാക്കൂബ്, യൂറോപ്പിലേക്കുള്ള യാത്രയ്ക്കു മുന്നോടിയായാണ് വാഹനം മടക്കി നൽകിയതെന്ന് അറിയിച്ചു.
സർക്കാർ വാഹനത്തിന് പകരമായി പുറത്തുനിന്നുള്ള വാഹനം ഉപയോഗിച്ചതാണ് നേരത്തെ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്. മന്ത്രിമാർ സർക്കാർ വാഹനത്തിന് പകരം മറ്റ് വാഹനങ്ങൾ ഉപയോഗിക്കുന്നതിന് പ്രത്യേക മാർഗനിർദേശങ്ങളും സർക്കാർ അനുമതിയും ആവശ്യമാണ് എന്ന ചർച്ചയും ഇതോടെ ശക്തമായി.
റേഞ്ച് റോവർ യാത്ര വിവാദമായതിനെ തുടർന്ന് വാഹനം തന്റെതല്ലെന്നും സുഹൃത്തിന്റേതാണെന്നുമായിരുന്നു കെ.എം. ഷാജിയുടെ വിശദീകരണം. സർക്കാർ അനുവദിച്ച വാഹനം പഴക്കമേറിയതും ഉപയോഗയോഗ്യമല്ലാത്തതുമായതിനാലാണ് നാട്ടിലെ യാത്രകൾക്കായി സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സർക്കാരിന്റെ അനുമതിയോടെയാണ് വാഹനത്തിൽ ഔദ്യോഗിക നമ്പർ പതിപ്പിച്ചതെന്നും ഷാജി വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രതിപക്ഷവും വിവിധ രാഷ്ട്രീയ വൃത്തങ്ങളും വിഷയം ഏറ്റെടുത്തതോടെ ആഡംബര വാഹനത്തിന്റെ ഉപയോഗം വ്യാപക ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇപ്പോൾ വാഹനം ഉടമയ്ക്ക് തിരിച്ചുനൽകിയതോടെ വിവാദത്തിന് പുതിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.
